Top News
modi–xi meeting today

ബ്രിക്‌സ് ഉച്ചകോടിക്ക് തുടക്കം; മോദി-ഷി ജിൻപിങ് കൂടിക്കാഴ്ച വൈകിട്ട്

ബ്രിക്‌സ് ഉച്ചകോടിക്ക് ഇന്ന് ഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ ഔദ്യോഗിക തുടക്കമാകും. ഉച്ചയ്ക്ക് ശേഷമാണ് ഉച്ചകോടിയുടെ ആദ്യ സെഷൻ ആരംഭിക്കുക.

ഉച്ചയോടെ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് ഇന്ത്യയിലെത്തും. വൈകിട്ട് 5.45ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഷി ജിൻപിങും തമ്മിൽ കൂടിക്കാഴ്ച നടത്തും.

പശ്ചിമേഷ്യയിലെയും റഷ്യ-യുക്രെയ്ൻ യുദ്ധത്തിലെയും സംഘർഷങ്ങൾക്കും മാറിയ ആഗോള രാഷ്ട്രീയ സാഹചര്യങ്ങൾക്കും ഇടയിലാണ് കൂടിക്കാഴ്ച എന്നതിനാൽ ഇത് ഏറെ പ്രാധാന്യമർഹിക്കുന്നതാണ്.

ബ്രിക്‌സ് ഉച്ചകോടിക്ക് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനുമായും ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാനുമായും കൂടിക്കാഴ്ച നടത്തിയിരുന്നു.

റഷ്യയുമായുള്ള ചർച്ചയിൽ സുഖോയ് വിമാനങ്ങൾ ഉൾപ്പെടെയുള്ള പ്രതിരോധ സഹകരണവും ആണവോർജ മേഖലയിൽ കൂടുതൽ സഹകരണവും ചർച്ചയായെന്നാണ് വിവരം.

ഇറാൻ പ്രസിഡന്റുമായുള്ള കൂടിക്കാഴ്ചയിൽ ഹോർമൂസ് കടലിടുക്കിലെ സുരക്ഷ ഉറപ്പാക്കുന്നതടക്കമുള്ള വിഷയങ്ങളും ചർച്ചയായെന്നാണ് റിപ്പോർട്ടുകൾ.

എല്ലാവരേയും ഉൾക്കൊള്ളുന്ന ആഗോള ഭരണ സംവിധാനവും ബഹുരാഷ്ട്രത്വം ശക്തിപ്പെടുത്തലും എന്ന വിഷയത്തോടെയാണ് ഉച്ചകോടിയുടെ ആദ്യ സെഷൻ ആരംഭിക്കുന്നത്.

ഇതിന് ശേഷം രാഷ്ട്രത്തലവന്മാരും പ്രതിനിധികളും ഭാരത് ഇന്നവേഷൻ എക്സിബിഷൻ വേദി സന്ദർശിക്കും.

വൈകിട്ട് അഞ്ച് മണിക്ക് ബ്രിക്‌സിന്റെ ഓർമയ്ക്കായി ഭാരത് മണ്ഡപിന് പുറത്ത് വൃക്ഷത്തൈ നടുന്ന പരിപാടിയും നിശ്ചയിച്ചിട്ടുണ്ട്.

വിവിധ രാഷ്ട്രത്തലവന്മാരുമായി പ്രധാനമന്ത്രിയുടെ ഉഭയകക്ഷി കൂടിക്കാഴ്ചകളും ഇന്ന് രാവിലെ മുതൽ നടക്കും. രാവിലെ പത്ത് മണിക്ക് എത്യോപ്യൻ പ്രധാനമന്ത്രി അബി അഹമ്മദ് അലി ഉൾപ്പെടെയുള്ള നേതാക്കളുമായി മോദി കൂടിക്കാഴ്ച നടത്തും.

പ്രധാനമന്ത്രി ഒരുക്കുന്ന അത്താഴ വിരുന്നിലും വിവിധ രാഷ്ട്രത്തലവന്മാർ പങ്കെടുക്കും.

ബ്രിക്‌സ് ബിസിനസ് ഫോറത്തിൽ ഇന്ത്യ ആഗോള പ്രശ്നങ്ങളുടെ പരിഹാര കേന്ദ്രമായി മാറിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ അഭിപ്രായപ്പെട്ടിരുന്നു.

അന്താരാഷ്ട്ര തലത്തിലെ വിവിധ മേഖലകളിൽ ബ്രിക്‌സ് ഇടപെടുന്നുണ്ടെന്നും ലോക ജിഡിപിയുടെ ഏകദേശം 40 ശതമാനം ബ്രിക്‌സ് രാജ്യങ്ങളിലാണെന്നും റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ ചൂണ്ടിക്കാട്ടി. ജി7 രാജ്യങ്ങളുടെ വിഹിതം 29 ശതമാനം മാത്രമാണെന്നും പുടിൻ വ്യക്തമാക്കി.

സെപ്റ്റംബർ 12, 13 തീയതികളിലായി ഡൽഹിയിലെ ഭാരത് മണ്ഡപത്തിലാണ് ബ്രിക്‌സ് ഉച്ചകോടി നടക്കുന്നത്. ഇന്ന് ഉച്ചയോടെ വിവിധ രാഷ്ട്രത്തലവന്മാരും പ്രതിനിധികളും ഡൽഹിയിലെത്തുമെന്നാണ് വിവരം.

ഉച്ചകോടിയുടെ പശ്ചാത്തലത്തിൽ രാജ്യതലസ്ഥാനത്ത് കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

പശ്ചിമേഷ്യയിലെ സംഘർഷങ്ങളും റഷ്യ-യുക്രെയ്ൻ യുദ്ധവും അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭരണത്തിന് കീഴിലുള്ള മാറിയ ആഗോള രാഷ്ട്രീയ സാഹചര്യങ്ങളും നിലനിൽക്കുന്ന സമയത്താണ് ബ്രിക്‌സ് രാജ്യങ്ങളുടെ നേതാക്കൾ ഡൽഹിയിൽ ഒരുമിക്കുന്നത്. മോദി-ഷി കൂടിക്കാഴ്ച ഉൾപ്പെടെ ഇന്നത്തെ ഉഭയകക്ഷി ചർച്ചകളും ബ്രിക്‌സ് ഉച്ചകോടിയിലെ തീരുമാനങ്ങളും ആഗോള രാഷ്ട്രീയത്തിൽ നിർണായകമാകുമെന്നാണ് വിലയിരുത്തൽ.

Leave a Comment

Your email address will not be published. Required fields are marked *