കൊച്ചി: നടിയും ‘അമ്മ’ സംഘടനയുടെ മുൻ ജോയിന്റ് സെക്രട്ടറിയുമായ അൻസിബ ഹസ്സൻ വീണ്ടും പോലീസിൽ പരാതിയുമായി രംഗത്തെത്തി.
രാജിവെച്ച ‘അമ്മ’ പ്രസിഡന്റ് ശ്വേതാ മേനോനും വൈസ് പ്രസിഡന്റ് ലക്ഷ്മിപ്രിയയും ചേർന്ന് തനിക്കെതിരെ ഗൂഢാലോചന നടത്തുന്നുവെന്നാണ് പരാതിയിൽ ആരോപിക്കുന്നത്.
സാമൂഹികമാധ്യമങ്ങളിലൂടെ വ്യാജവും അശ്ലീലത നിറഞ്ഞതുമായ വീഡിയോ പ്രചരിപ്പിച്ചുവെന്നും അൻസിബ പാലാരിവട്ടം പോലീസിൽ നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടി.
ഇത്തരം പ്രചാരണങ്ങൾ സ്ത്രീത്വത്തെ അപമാനിക്കുന്നതും വ്യക്തിപരമായി അപകീർത്തിപ്പെടുത്തുന്നതുമാണെന്നും അവർ ആരോപിക്കുന്നു.
ശ്വേതാ മേനോൻ തിരുവനന്തപുരത്തെ ഒരു പി.ആർ. ഏജൻസിയുമായി ചേർന്ന് വ്യാജകഥകൾ പ്രചരിപ്പിക്കാൻ ശ്രമിച്ചുവെന്നും പരാതിയിൽ പറയുന്നു.
‘അമ്മ’ ഭാരവാഹിത്വത്തിൽ നിന്ന് രാജിവെക്കേണ്ടി വന്നതിലുള്ള വൈരാഗ്യമാണ് ഈ നീക്കങ്ങൾക്ക് പിന്നിലെന്നും അൻസിബ ആരോപിച്ചു.
ഇതിന് മുമ്പും അൻസിബ നിരവധി പരാതികളുമായി പോലീസിനെ സമീപിച്ചിരുന്നു.
നടൻ ടിനി ടോം തന്നെ ‘ജിഹാദി’ എന്ന് വിളിച്ച് അധിക്ഷേപിച്ചുവെന്നാരോപിച്ചായിരുന്നു മുൻ പരാതി.
തന്നെ പോലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തി മൂന്ന് മണിക്കൂറോളം പിടിച്ചിരുത്തി മാനസികമായി പീഡിപ്പിച്ചുവെന്നും അൻസിബ ആരോപിച്ചിരുന്നു.
ഈ സംഭവവുമായി ബന്ധപ്പെട്ട് ലക്ഷ്മിപ്രിയയ്ക്കും തൃപ്പൂണിത്തുറ ഹിൽ പാലസ് പോലീസ് സ്റ്റേഷനിലെ വനിതാ എസ്.ഐ.ക്കുമെതിരെ അവർ പരാതി നൽകിയിരുന്നു.
എന്നാൽ ആ പരാതിയിൽ കഴമ്പില്ലെന്നാണ് പിന്നീട് പോലീസിന്റെ കണ്ടെത്തൽ.
പുതിയ പരാതിയിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ടോയെന്ന കാര്യത്തിൽ പോലീസ് ഇതുവരെ ഔദ്യോഗിക വിശദീകരണം നൽകിയിട്ടില്ല.


