പ്രിയദർശിനി പദ്ധതി മൂലം സ്വകാര്യ ബസ് വ്യവസായം കടുത്ത പ്രതിസന്ധിയിലാണെന്ന് ആരോപിച്ച് സർക്കാരിനെതിരെ സമരം ശക്തമാക്കാൻ ബസുടമകൾ. ചൊവ്വാഴ്ച മുതൽ സെക്രട്ടറിയേറ്റിന് മുന്നിൽ അനിശ്ചിതകാല നിരാഹാര സമരം ആരംഭിക്കുമെന്ന് ഉടമകൾ അറിയിച്ചു.
മിനിമം ബസ് ചാർജ് 20 രൂപയാക്കുക, വിദ്യാർഥികളുടെ കൺസഷൻ നിരക്ക് വർധിപ്പിക്കുക, പ്രിയദർശിനി പദ്ധതി മൂലം ദുരിതത്തിലായ സ്വകാര്യ ബസുടമകളെയും ജീവനക്കാരെയും സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് സമരക്കാർ മുന്നോട്ടുവയ്ക്കുന്നത്.
പദ്ധതി നടപ്പാക്കിയ റൂട്ടുകളിൽ ഡീസൽ ചെലവിനും ജീവനക്കാരുടെ ശമ്പളത്തിനും ആവശ്യമായ വരുമാനം പോലും ലഭിക്കുന്നില്ലെന്നാണ് ബസുടമകളുടെ പരാതി. മുഖ്യമന്ത്രിയുൾപ്പെടെയുള്ളവരെ നേരിൽക്കണ്ട് പ്രശ്നങ്ങൾ അവതരിപ്പിച്ചിട്ടും അനുകൂല തീരുമാനമുണ്ടായില്ലെന്നും അവർ ആരോപിക്കുന്നു.
നേരത്തേ സെക്രട്ടറിയേറ്റ് മാർച്ച് നടത്തിയ ബസുടമകൾ അതിന്റെ തുടർച്ചയായാണ് നിരാഹാര സമരത്തിലേക്ക് കടക്കുന്നത്. ആവശ്യങ്ങളിൽ പരിഹാരമുണ്ടായില്ലെങ്കിൽ നവംബർ ആദ്യവാരം മുതൽ അനിശ്ചിതകാല സ്വകാര്യ ബസ് സമരവും ആരംഭിക്കുമെന്ന് അവർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.


