ചാലക്കുടിയിൽ ഭർതൃവീട്ടിൽ യുവതിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്.
കണ്ണൂർ പരിയാരം സ്വദേശിനിയായ എമിൽഡ (22) ആണ് മരിച്ചത്. ഈ മാസം ആറിന് ഭർത്താവ് അഫ്സലിന്റെ പോട്ടയിലെ വീട്ടിൽ എമിൽഡയെ അവശനിലയിൽ കണ്ടെത്തുകയായിരുന്നു.
ഉടൻ കറുകുറ്റിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും കഴിഞ്ഞദിവസം മരിച്ചു.
സംഭവത്തിൽ ഭർത്താവ് അഫ്സലിനെതിരെ പൊലീസ് കേസെടുത്തു. ആത്മഹത്യാ പ്രേരണക്കുറ്റവും ഗാർഹിക പീഡനക്കുറ്റവും ചുമത്തിയാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
രണ്ടുവർഷം മുമ്പായിരുന്നു ഇരുവരുടെയും വിവാഹം. ഇവർക്ക് ഒരു വയസ്സുള്ള കുഞ്ഞുമുണ്ട്.
മാതാപിതാക്കളുടെ ഏക മകളായ എമിൽഡ പഠനത്തിൽ മിടുക്കിയായിരുന്നു. പഠനകാലത്താണ് അഫ്സലുമായി പരിചയപ്പെടുകയും പ്രണയത്തിലാകുകയും ചെയ്തത്.
എന്നാൽ, മറ്റൊരു മതത്തിൽപ്പെട്ടയാളുമായുള്ള ബന്ധം കുടുംബം അംഗീകരിച്ചില്ല. തുടർന്ന് എമിൽഡ അഫ്സലിനൊപ്പം വീടുവിട്ടിറങ്ങി.
പിന്നീട് കുഞ്ഞ് ജനിക്കുകയും അഫ്സലിന്റെ കുടുംബത്തോടൊപ്പം താമസമാക്കുകയും ചെയ്തു.
ഇതിനിടെ ദമ്പതികൾക്കിടയിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നതായും സ്ത്രീധനത്തിന്റെ പേരിൽ അഫ്സൽ എമിൽഡയെ ഉപദ്രവിച്ചിരുന്നതായും ആരോപണമുണ്ട്.
വീട്ടിൽനിന്ന് പണം കൊണ്ടുവരാൻ ആവശ്യപ്പെട്ട് മർദിച്ചിരുന്നു. ജീവിതച്ചെലവുകൾ കണ്ടെത്താൻ എമിൽഡ കൂലിപ്പണിക്കും നിർമാണ ജോലികൾക്കും പോയിരുന്നു.
തിരികെ സ്വന്തം വീട്ടിലേക്ക് പോകാൻ ആഗ്രഹിച്ചെങ്കിലും കുടുംബം സ്വീകരിക്കാൻ തയ്യാറായില്ല. സുഹൃത്തിന് വാട്സ്ആപ്പ് സന്ദേശം അയച്ചതിന് പിന്നാലെയാണ് കുഞ്ഞിന്റെ മുന്നിൽവച്ച് എമിൽഡ ജീവനൊടുക്കാൻ ശ്രമിച്ചതെന്നാണ് വിവരം.
എമിൽഡയുടെ മരണത്തിൽ കുടുംബം പൊലീസിൽ പരാതി നൽകിയിട്ടില്ല. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.


