Top News

ഓൺലൈൻ മാധ്യമങ്ങളും സോഷ്യൽ മീഡിയ ബ്ലോഗർമാരും: വേർതിരിവ് അനിവാര്യം

തിരുവനന്തപുരം: ഓൺലൈൻ വാർത്താ മാധ്യമങ്ങളെയും സോഷ്യൽ മീഡിയ ബ്ലോഗർമാരെയും വേർതിരിച്ചുകാണാനും, സമൂഹമാധ്യമങ്ങളിലെ അനിയന്ത്രിതമായ ഇടപെടലുകൾ അവസാനിപ്പിക്കാനും സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഓൺലൈൻ വാർത്താ മാധ്യമ സ്ഥാപനങ്ങളുടെ കൂട്ടായ്മയായ ‘ചീഫ് എഡിറ്റേഴ്‌സ് ഗിൽഡ്’ ആവശ്യപ്പെട്ടു.

അടുത്തകാലത്തായി ലൈക്കുകൾക്കും വ്യൂസിനും വേണ്ടി സമൂഹമാധ്യമങ്ങളിൽ നടക്കുന്ന പ്രവണതകൾ മാധ്യമ മേഖലയുടെ വിശ്വാസ്യതയെ തന്നെ ബാധിക്കുകയാണ്. മരണാന്തര ചടങ്ങുകളിൽ ഉൾപ്പെടെ മാധ്യമങ്ങളുടെ പേരിൽ ബ്ലോഗർമാർ നടത്തുന്ന അനാവശ്യ ഇടപെടലുകൾ യഥാർത്ഥ ഓൺലൈൻ മാധ്യമങ്ങളെയും പ്രതിക്കൂട്ടിലാക്കുന്നു.

വ്യക്തമായ വേർതിരിവ് ആവശ്യമാണ്

സോഷ്യൽ മീഡിയ അക്കൗണ്ടുകൾ കൈകാര്യം ചെയ്യുന്നവരെല്ലാം മാധ്യമപ്രവർത്തകരാണെന്ന തെറ്റിദ്ധാരണ പൊതുസമൂഹത്തിലുണ്ട്. എന്നാൽ, സ്വന്തമായി വെബ്‌സൈറ്റും, സെർവറും, ഓഫീസും, ജീവനക്കാരുമുള്ള നിയമപരമായ ഓൺലൈൻ മാധ്യമങ്ങൾ കൃത്യമായ എഡിറ്റോറിയൽ ചട്ടക്കൂടിലാണ് പ്രവർത്തിക്കുന്നത്. ഇവർക്ക് പരാതി പരിഹാരത്തിനായി കേന്ദ്രസർക്കാർ നിയന്ത്രിത ത്രിതല സംവിധാനവും പരാതി പരിഹാര ഓഫീസർമാരുമുണ്ട്.

എന്നാൽ, ബ്ലോഗർമാർക്ക് ഇത്തരം നിയമങ്ങൾ ബാധകമല്ല. പണത്തിന് വേണ്ടിയുള്ള പ്രമോഷനുകളും തെറ്റിദ്ധാരണാജനകമായ വാർത്തകളും പ്രചരിപ്പിക്കുന്നത് വഴി ജനങ്ങൾ തട്ടിപ്പിന് ഇരയാകുന്നു.

മികച്ച രീതിയിൽ പ്രവർത്തിക്കുന്ന സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരെ അംഗീകരിക്കുമ്പോൾ തന്നെ, നിയമലംഘനം നടത്തുന്നവർക്കെതിരെ സർക്കാർ ശക്തമായ നിലപാട് എടുക്കണമെന്നും ഗിൽഡ് വ്യക്തമാക്കി.

അക്രഡിറ്റേഷൻ നൽകണം

നിയമപരമായി പ്രവർത്തിക്കുന്ന ഓൺലൈൻ വാർത്താ പോർട്ടലുകൾക്ക് പത്ര-ദൃശ്യ മാധ്യമങ്ങൾക്ക് സമാനമായ അംഗീകാരവും മാധ്യമ അക്രഡിറ്റേഷനും നൽകണം.

മാധ്യമപ്രവർത്തകരുടെ അവകാശങ്ങളും ആനുകൂല്യങ്ങളും സംരക്ഷിക്കാൻ സർക്കാർ തയ്യാറാകണമെന്നും പ്രകാശ് ഇഞ്ചത്താനം, ജോസ് എം. ജോർജ്ജ്, വിനോദ് അലക്സാണ്ടർ, അഡ്വ. സിബി സെബാസ്റ്റ്യൻ, എമിൽ ജോൺ, രവീന്ദ്രൻ ബി.വി, എസ്. ശ്രീജിത്ത്, സജിത്ത് ഹിലാരി, അജിത ജെയ്ഷോർ എന്നിവർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

Leave a Comment

Your email address will not be published. Required fields are marked *