Top News
NEW PRESIDENT ELECTED

സ്വാമി ഋതംബരാനന്ദ ശിവഗിരി മഠം പുതിയ പ്രസിഡന്റ്

ശിവഗിരി മഠത്തിലെ ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ഭാരവാഹി തെരഞ്ഞെടുപ്പിൽ അപ്രതീക്ഷിത നീക്കങ്ങൾക്കൊടുവിൽ സ്വാമി ഋതംബരാനന്ദ പ്രസിഡന്റായി ചുമതലയേറ്റു. സ്വാമി വിശുദ്ധാനന്ദയെ ജനറൽ സെക്രട്ടറിയായും സ്വാമി ശാരദാനന്ദയെ ട്രഷററായും തെരഞ്ഞെടുത്തു. ആദ്യഘട്ട തെരഞ്ഞെടുപ്പിൽ സ്വാമി ശുഭാംഗാനന്ദയുടെ നേതൃത്വത്തിലുള്ള പാനലിന് മുൻതൂക്കം ലഭിച്ചിരുന്നെങ്കിലും പ്രധാന ഭാരവാഹികളെ തെരഞ്ഞെടുക്കുന്ന ഘട്ടത്തിൽ ഉണ്ടായ അപ്രതീക്ഷിത മാറ്റങ്ങളാണ് ഫലം മാറ്റിമറിച്ചത്.

രാവിലെ വരെ തങ്ങളുടെ പാനലിനൊപ്പം ഉണ്ടായിരുന്ന സ്വാമി ഋതംബരാനന്ദ മറുപക്ഷത്തേക്ക് മാറിയതാണ് തോൽവിക്ക് കാരണമെന്ന് സ്വാമി ശുഭാംഗാനന്ദ ആരോപിച്ചു. രാവിലെ എട്ടര വരെ ഒപ്പമുണ്ടായിരുന്ന അദ്ദേഹം പെട്ടെന്ന് നിലപാട് മാറ്റിയത് എന്തുകൊണ്ടാണെന്ന് അറിയില്ലെന്നും അധികാരമോഹമായിരിക്കാം ഇതിന് പിന്നിലെന്നും ശുഭാംഗാനന്ദ പ്രതികരിച്ചു. പ്രസിഡന്റ് സ്ഥാനത്തേക്ക് താൽപര്യമുണ്ടെന്ന് നേരത്തെ അറിയിച്ചിരുന്നെങ്കിൽ ആ സ്ഥാനം നൽകാൻ തയ്യാറായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, പുതിയ പ്രസിഡന്റായി ചുമതലയേറ്റ സ്വാമി ഋതംബരാനന്ദ എല്ലാവരെയും ഒന്നിച്ചുകൊണ്ടുപോകുന്ന രീതിയിലായിരിക്കും മഠത്തിന്റെ പ്രവർത്തനങ്ങളെന്ന് വ്യക്തമാക്കി. മഠത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിൽ പരമാവധി ഐക്യത്തോടെ പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. എല്ലാ രാഷ്ട്രീയ പാർട്ടികളോടും തുല്യനിലപാടായിരിക്കും മഠത്തിനുണ്ടാകുക. ഒരു രാഷ്ട്രീയ പാർട്ടിയുടെയും മുഖമായി ശിവഗിരി മഠം മാറില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സംസ്ഥാന-കേന്ദ്ര സർക്കാരുകളുടെ സഹകരണത്തോടെയായിരിക്കും മഠത്തിന്റെ വികസന പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോകുകയെന്നും സ്വാമി ഋതംബരാനന്ദ കൂട്ടിച്ചേർത്തു. പുതിയ ഭാരവാഹി തെരഞ്ഞെടുപ്പോടെ ശിവഗിരി മഠത്തിനുള്ളിലെ ആഭ്യന്തര ഭിന്നതയും നേതൃത്വത്തെച്ചൊല്ലിയുള്ള അഭിപ്രായവ്യത്യാസങ്ങളും പരസ്യമായിരിക്കുകയാണ്.

Leave a Comment

Your email address will not be published. Required fields are marked *