സംസ്ഥാനത്ത് രാഷ്ട്രീയ വിവാദത്തിന് വഴിവെച്ച വൈദ്യുതി പർച്ചേസ് കരാറുമായി ബന്ധപ്പെട്ട തർക്കത്തിൽ സമവായ നീക്കം. ക്ലിഫ് ഹൗസിൽ മുഖ്യമന്ത്രി വി.ഡി. സതീശന്റെ നേതൃത്വത്തിൽ നടന്ന ചർച്ചയിൽ വൈദ്യുതി മന്ത്രി സണ്ണി ജോസഫും മന്ത്രി രമേശ് ചെന്നിത്തലയും പങ്കെടുത്തു. നിലവിലെ തർക്കങ്ങൾ പരിഹരിച്ച് ഭാവിയിലെ വൈദ്യുതി ആവശ്യങ്ങൾക്കായി പുതിയ കരാറുകളുടെ സാധ്യത പരിശോധിക്കാനാണ് യോഗത്തിലെ ധാരണ.
സംസ്ഥാനത്ത് നിലവിൽ വൈദ്യുതി ക്ഷാമമില്ലെന്നും അടുത്ത രണ്ട് മാസത്തേക്ക് വൈദ്യുതി വാങ്ങേണ്ട സാഹചര്യമില്ലെന്നും ഉദ്യോഗസ്ഥർ അറിയിച്ചതായി മുഖ്യമന്ത്രി വ്യക്തമാക്കി. കെഎസ്ഇബി എംഡിയുമായി പ്രത്യേക ചർച്ച നടത്തിയെന്ന പ്രചാരണം ശരിയല്ലെന്നും ഉദ്യോഗസ്ഥരുടെ യോഗത്തിന് ശേഷമാണ് കൂടിക്കാഴ്ച നടത്തിയതെന്നും അദ്ദേഹം വിശദീകരിച്ചു. ചർച്ചയിൽ മന്ത്രി സണ്ണി ജോസഫ് എതിർപ്പുകൾ ഉന്നയിച്ചില്ലെന്നാണ് വിവരം.
ജിഎൻഎയുമായുള്ള വൈദ്യുതി വാങ്ങൽ കരാർ റദ്ദാക്കിയതും ഹിമാചൽ പ്രദേശിൽനിന്ന് വൈദ്യുതി വാങ്ങാനുള്ള നീക്കവുമാണ് വിവാദത്തിന് തുടക്കമിട്ടത്. ജിഎൻഎയിൽനിന്ന് തൽക്കാലം വൈദ്യുതി വാങ്ങേണ്ടതില്ലെന്ന തീരുമാനം മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്ന വൈദ്യുതി മന്ത്രി സണ്ണി ജോസഫിന്റെ വെളിപ്പെടുത്തൽ സർക്കാരിനുള്ളിൽ ഭിന്നതയുണ്ടെന്ന സൂചനകൾക്ക് വഴിവെച്ചു.
വൈദ്യുതി ബോർഡ് ചെയർമാനും ഊർജ സെക്രട്ടറിയും മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചകളിൽ മന്ത്രിയെ അവഗണിച്ചുവെന്നായിരുന്നു പ്രധാന ആരോപണം. അതേസമയം, കെഎസ്ഇബി അയച്ച ഫയൽ മന്ത്രിയാണ് തനിക്ക് കൈമാറിയതെന്നും തീരുമാനത്തിന് ശേഷം ഫയൽ മന്ത്രിക്ക് തിരിച്ചുനൽകുകയായിരുന്നുവെന്നും മുഖ്യമന്ത്രി വിശദീകരിച്ചിരുന്നു.
വിവാദം ശക്തമായതോടെ കെഎസ്ഇബി ചെയർമാൻ എൻ. പ്രശാന്ത് വൈദ്യുതി മന്ത്രി സണ്ണി ജോസഫുമായി കൂടിക്കാഴ്ച നടത്തി. ഇതുവരെ ഉണ്ടായ സംഭവവികാസങ്ങൾ ചെയർമാൻ മന്ത്രിയെ ധരിപ്പിച്ചതായാണ് സൂചന. ഇതിന് പിന്നാലെയാണ് ക്ലിഫ് ഹൗസിൽ സമവായ ചർച്ച നടന്നത്.
നിലവിലെ തർക്കങ്ങൾക്ക് വിരാമമിട്ട് സംസ്ഥാനത്തിന്റെ ഭാവിയിലെ വൈദ്യുതി ആവശ്യകത കൂടി പരിഗണിച്ച് പുതിയ കരാറുകളുടെ സാധ്യത പരിശോധിക്കാനാണ് സർക്കാർ നീക്കം. ഇതോടെ വൈദ്യുതി പർച്ചേസ് വിവാദത്തിൽ താൽക്കാലികമായെങ്കിലും രാഷ്ട്രീയ സംഘർഷത്തിന് അയവുണ്ടാകുമെന്നാണ് വിലയിരുത്തൽ.


