Top News
1. contempt action sought against trial judge in actress assault case

നടിയെ ആക്രമിച്ച കേസ്: വിചാരണ ജഡ്ജിക്കെതിരെ കോടതിയലക്ഷ്യ ഹർജിയുമായി അഭിഭാഷക ടിബി മിനി

നടിയെ ആക്രമിച്ച കേസിലെ വിചാരണ ജഡ്ജി ഹണി എം. വർഗീസിനെതിരെ കോടതിയലക്ഷ്യ നടപടി ആവശ്യപ്പെട്ട് അഭിഭാഷക ടിബി മിനി ഹൈക്കോടതിയെ സമീപിച്ചു.

ജഡ്ജിക്കെതിരെ സ്വമേധയാ കോടതിയലക്ഷ്യ കേസ് എടുക്കണമെന്നാണ് ഹർജിയിലെ ആവശ്യം. കേസ് പരിഗണിക്കുന്നതിനിടെ ജഡ്ജി നടത്തിയ പരാമർശങ്ങൾ അപകീർത്തികരമാണെന്നും അഭിഭാഷക ആരോപിക്കുന്നു.

കോടതിയിൽ ഇരുന്ന് താൻ ഉറങ്ങുകയായിരുന്നുവെന്നും പത്ത് ദിവസത്തിൽ താഴെ മാത്രമാണ് കോടതിയിൽ ഹാജരായതെന്നുമുള്ള ജഡ്ജിയുടെ പരാമർശമാണ് ഹർജിക്ക് ആധാരം.

2026 ജനുവരി 12നായിരുന്നു ഈ പരാമർശം. ഇത് തന്റെ ഔദ്യോഗിക ജോലിക്ക് കളങ്കമുണ്ടാക്കിയെന്നും തുടർന്ന് തനിക്കെതിരെ വ്യാപകമായ സൈബർ പ്രചാരണം ഉണ്ടായെന്നും ടിബി മിനി ഹർജിയിൽ ചൂണ്ടിക്കാട്ടി.

ജഡ്ജിയുടെ പരാമർശം തന്റെ അഭിഭാഷകവൃത്തിയുടെ വിശ്വാസ്യതയെ ബാധിച്ചെന്നും ഇതിനെതിരെ നിയമനടപടി വേണമെന്നുമാണ് ടിബി മിനിയുടെ ആവശ്യം.

നേരത്തെ ഇതേ വിഷയത്തിൽ കോടതിയലക്ഷ്യ നടപടി ആവശ്യപ്പെട്ട് അഡ്വക്കറ്റ് ജനറലിന് പരാതി നൽകിയിരുന്നു. എന്നാൽ ടിബി മിനിയുടെ അപേക്ഷ അഡ്വക്കറ്റ് ജനറൽ തള്ളുകയായിരുന്നു.

ഇതോടെയാണ് ഹൈക്കോടതിയിൽ നേരിട്ട് ഹർജി നൽകിയത്. ജഡ്ജിക്കെതിരെ കോടതി സ്വമേധയാ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്നാണ് അഭിഭാഷകയുടെ ആവശ്യം. ഹർജി നാളെ ഹൈക്കോടതി പരിഗണിക്കും.

Leave a Comment

Your email address will not be published. Required fields are marked *