Top News
കോഴിക്കോട് സൈബർ ക്രൈം പോലീസ് സ്റ്റേഷന് മുന്നിൽ പോലീസ് ഉദ്യോഗസ്ഥർ.

കോഴിക്കോട് കേന്ദ്രീകരിച്ച് വൻ സൈബർ തട്ടിപ്പ്: ഒരുകോടി തട്ടിയ പ്രതി കസ്റ്റഡിയിൽ

ഓൺലൈൻ നിക്ഷേപ തട്ടിപ്പിലൂടെ രാമനാട്ടുകര സ്വദേശിക്കും ഭാര്യയ്ക്കും ഒരുകോടി രൂപ നഷ്ടപ്പെട്ട കേസിൽ മുഖ്യപ്രതി പോലീസ് കസ്റ്റഡിയിൽ. കാസർകോട് കുമ്പള സ്വദേശി അബ്ദുൽ റംഷീദിനെയാണ് കോഴിക്കോട് സിറ്റി സൈബർ ക്രൈം പോലീസ് വിശദമായ ചോദ്യം ചെയ്യലിനായി കസ്റ്റഡിയിൽ വാങ്ങിയത്.

പ്രമുഖ ധനകാര്യ സ്ഥാപനത്തിന്റെ പേരിൽ വ്യാജ ആപ്പും വെബ്സൈറ്റും നിർമ്മിച്ചായിരുന്നു സംഘത്തിന്റെ പ്രവർത്തനം. വാട്സാപ്പ് ഗ്രൂപ്പുകൾ വഴി പരാതിക്കാരനെ ബന്ധപ്പെട്ട പ്രതി, ഓഹരി വിപണിയിൽ ഉയർന്ന ലാഭം വാഗ്ദാനം ചെയ്താണ് പണം തട്ടിയെടുത്തത്. പോലീസ് നേരത്തെ ഇയാൾക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. തുടർന്ന് കണ്ണൂർ വിമാനത്താവളം വഴി സ്വർണം കടത്താൻ ശ്രമിക്കുന്നതിനിടെയാണ് ഇയാൾ കസ്റ്റംസിന്റെ പിടിയിലായത്.

കോഴിക്കോട് ജില്ലയിലെ കൊടുവള്ളി, താമരശേരി, കാക്കൂർ മേഖലകൾ കേന്ദ്രീകരിച്ച് വ്യാപകമായ സൈബർ തട്ടിപ്പുകൾ നടക്കുന്നതായി റിപ്പോർട്ടുകളുണ്ട്. ഇവിടുത്തെ ‘മ്യുൾ അക്കൗണ്ടുകൾ’ വഴി ഹവാല, ക്രിപ്റ്റോ കറൻസി ഇടപാടുകൾ സജീവമാണെന്ന് ആഭ്യന്തര വകുപ്പ് സ്ഥിരീകരിച്ചു.

തട്ടിപ്പിലൂടെ ലഭിക്കുന്ന പണം മയക്കുമരുന്ന് കടത്തിനും, ഭീകരപ്രവർത്തനങ്ങൾക്കും ഉപയോഗിക്കുന്നതായി സൂചനയുണ്ട്. ഈ സാഹചര്യത്തിലാണ് കോഴിക്കോട്ടെ വിവിധ കേസുകൾ കേന്ദ്ര ഏജൻസികൾക്ക് കൈമാറാൻ സംസ്ഥാന ആഭ്യന്തര വകുപ്പ് തീരുമാനിച്ചത്. സൈബർ ക്രൈം ഇൻസ്പെക്ടർ ശ്രീദാസൻ എം.വി.യുടെ നേതൃത്വത്തിലാണ് ഇപ്പോൾ കേസ് അന്വേഷിക്കുന്നത്.

Leave a Comment

Your email address will not be published. Required fields are marked *