ഡിജെ പാർട്ടികളെ മുൻവിധിയോടെ കാണാനാകില്ലെന്ന് ഹൈക്കോടതി. ഡിജെ പാർട്ടികളെന്നാൽ മയക്കുമരുന്ന് കേന്ദ്രങ്ങളാണെന്ന പൊതുധാരണ ശരിയല്ലെന്നും ഇത്തരം പരിപാടികളെ മാത്രം ലക്ഷ്യമിട്ട് നിയന്ത്രണങ്ങൾ ഏർപ്പെടുത്താനാകില്ലെന്നും കോടതി നിരീക്ഷിച്ചു.
രാത്രി ജീവിതം തന്നെ നിരോധിക്കാൻ കഴിയുമോയെന്നും കോടതി ചോദിച്ചു.
ബാറുകളിൽ മദ്യവിൽപ്പനയ്ക്ക് അനുമതിയുണ്ടെങ്കിൽ നൃത്തം ചെയ്യുന്നതിനും പാട്ട് കേൾക്കുന്നതിനും എന്തിനാണ് നിയന്ത്രണമെന്നായിരുന്നു കോടതിയുടെ ചോദ്യം.
ഡിജെ സംഗീതം ഒരു തൊഴിലാണ്. അതിനെ പൊതുവായി കുറ്റകരമായി ചിത്രീകരിക്കരുതെന്നും കോടതി വ്യക്തമാക്കി.
അതേസമയം, മയക്കുമരുന്ന് ഉപയോഗത്തോട് യാതൊരു വിട്ടുവീഴ്ചയുമില്ലെന്ന് കോടതി വ്യക്തമാക്കി.
നിയമലംഘനങ്ങൾ കണ്ടെത്തിയാൽ കർശന നടപടി സ്വീകരിക്കണം. ഡിജെ പാർട്ടികൾ നിരീക്ഷിക്കാൻ പൊലീസിനെ വിന്യസിക്കാമെന്നും കോടതി നിർദേശിച്ചു.
നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിന് വ്യക്തമായ നിയമപരമായ അടിസ്ഥാനം എന്താണെന്ന് വിശദീകരിക്കാനും സർക്കാരിനോട് ആവശ്യപ്പെട്ടു.
പഞ്ചനക്ഷത്ര ഹോട്ടലുകളിലെ ഡിജെ പാർട്ടികൾ ഉൾപ്പെടെയുള്ള പരിപാടികൾക്ക് നിയന്ത്രണമേർപ്പെടുത്തി കൊച്ചി സിറ്റി പൊലീസ് നൽകിയ നോട്ടീസുകൾ റദ്ദാക്കിയ സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ സർക്കാർ സമർപ്പിച്ച അപ്പീൽ പരിഗണിക്കവെയായിരുന്നു ഹൈക്കോടതിയുടെ സുപ്രധാന നിരീക്ഷണങ്ങൾ.


