മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’ പിരിച്ചുവിടണമെന്ന ചർച്ചകൾക്കെതിരെ നടൻ രവീന്ദ്രൻ രംഗത്ത്. സംഘടന പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് പൊതുജനങ്ങളും മാധ്യമങ്ങളും ബഹളം വെക്കരുതെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. ഇത് നിരവധി കലാകാരന്മാരുടെ ജീവിതമാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
മുൻ മന്ത്രി ജി. സുധാകരന്റെ പരാമർശത്തിൽ അദ്ദേഹം അതീവ ദുഃഖം രേഖപ്പെടുത്തി. ഏറെ ആദരിക്കുന്ന സുധാകരനെപ്പോലെയുള്ളവർ ഇത്തരം അഭിപ്രായങ്ങൾ പറയുന്നത് വേദനിപ്പിക്കുന്നതായി രവീന്ദ്രൻ പറഞ്ഞു. സംഘടനയുടെ തുടക്കം മുതൽ ലൈഫ് മെമ്പറാണ് അദ്ദേഹം. അഭിനേതാക്കളുടെ ക്ഷേമത്തിന് വേണ്ടി പ്രവർത്തിക്കുന്ന ഈ പ്രസ്ഥാനത്തെ ഇല്ലാതാക്കാൻ ശ്രമിക്കരുത്.
അംഗങ്ങളുടെ അവസ്ഥയെക്കുറിച്ച് രവീന്ദ്രൻ വികാരാധീനനായി സംസാരിച്ചു. സംഘടനയിലെ 500-ലധികം പേരിൽ 50-70 പേർക്ക് മാത്രമാണ് സ്ഥിരമായി തൊഴിലുള്ളത്. ബാക്കിയുള്ളവർ സിനിമയില്ലാതെ ഏറെ ബുദ്ധിമുട്ടുന്നവരാണ്. അംഗങ്ങൾക്ക് നൽകുന്ന കൈനീട്ടം, ഇൻഷുറൻസ് പരിരക്ഷ, ചികിത്സാ സഹായം എന്നിവ മുടങ്ങരുതെന്ന് അദ്ദേഹം പറഞ്ഞു.
“തെറ്റുകൾ ഞങ്ങളുടെ ഭാഗത്തും സംഭവിച്ചിട്ടുണ്ട്. എന്നാൽ, ഒരു കുടുംബം പോലെയാണ് ഞങ്ങൾ മുന്നോട്ട് പോകുന്നത്. ഇപ്പോൾ എല്ലാവരും വൈകാരികമായി പ്രതികരിക്കുന്ന സമയമാണ്. ഈ വെള്ളവും ഒഴുകിപ്പോകും,” രവീന്ദ്രൻ വ്യക്തമാക്കി. അഭിപ്രായ വ്യത്യാസങ്ങൾ എല്ലാ സംഘടനകളിലും സാധാരണമാണ്. മമ്മൂട്ടിയും മോഹൻലാലും ഉൾപ്പെടെയുള്ള നേതൃത്വം ശരിയായ സമയത്ത് ഉചിതമായ തീരുമാനമെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മലയാളികൾ പൊതുവെ വൈകാരികമായി പ്രതികരിക്കുന്നവരാണ്. വിയോജിപ്പുകൾ സ്വാഭാവികമാണ്. എന്നാൽ, സംഘടനയുടെ അടിത്തറ തോണ്ടുന്ന രീതിയിലുള്ള വിമർശനങ്ങൾ ഒഴിവാക്കണമെന്ന് അദ്ദേഹം അപേക്ഷിച്ചു. വിമർശനങ്ങൾക്കുള്ള എല്ലാ അവകാശവും മാധ്യമങ്ങൾക്കും പൊതുജനങ്ങൾക്കുമുണ്ട്. പക്ഷേ, സംഘടന ഇല്ലാതാകണമെന്ന് ആഗ്രഹിക്കരുതെന്ന് രവീന്ദ്രൻ പറഞ്ഞു.
ഏത് പ്രതിസന്ധി ഘട്ടത്തിലും ‘അമ്മ’ ഒറ്റക്കെട്ടായി നിലനിൽക്കും. അംഗങ്ങൾക്കിടയിൽ ഭിന്നതയുണ്ടെങ്കിലും സംഘടനയുടെ അസ്തിത്വത്തെ ബാധിക്കുന്ന കാര്യങ്ങളിൽ എല്ലാവരും ഒറ്റക്കെട്ടാണ്. ഈ പ്രതിസന്ധിയും പരിഹരിക്കപ്പെടും. തമ്മിലടിച്ച് പിരിയുന്ന സാഹചര്യം ഒരിക്കലും ഉണ്ടാകില്ലെന്നും അദ്ദേഹം ഉറപ്പുനൽകി.


