തദ്ദേശവകുപ്പിൽ ഐഎഎസ് ഉദ്യോഗസ്ഥർ തമ്മിൽ തർക്കമുണ്ടെന്ന വാർത്തകൾ തള്ളി പ്രിൻസിപ്പൽ ഡയറക്ടർ ദിവ്യ എസ്. അയ്യർ.
“പോരും ഇല്ല, പോരാത്തതിന് മത്സരവുമില്ല” എന്നായിരുന്നു സമൂഹമാധ്യമങ്ങളിലൂടെയുള്ള ദിവ്യ എസ്. അയ്യരുടെ പ്രതികരണം.
മന്ത്രിയുടെ വ്യക്തമായ നിർദേശത്തെ തുടർന്നാണ് പദ്ധതി നടപ്പാക്കിയതെന്നും സത്യാവസ്ഥ ഇതായിരിക്കെ ഭാവനകൾ വാർത്തകളായി പ്രചരിക്കുകയാണെന്നും അവർ വ്യക്തമാക്കി.
മാലിന്യസംസ്‌കരണ പദ്ധതികളുമായി ബന്ധപ്പെട്ട് തദ്ദേശവകുപ്പ് സെക്രട്ടറി ടി.വി. അനുപമയും പ്രിൻസിപ്പൽ ഡയറക്ടർ ദിവ്യ എസ്. അയ്യരും തമ്മിൽ അഭിപ്രായവ്യത്യാസമുണ്ടെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെയാണ് പ്രതികരണം.
തനിക്ക് ഇതുവരെ മാധ്യമങ്ങളിൽ നിന്നും സമൂഹമാധ്യമങ്ങളിൽ നിന്നും ലഭിച്ചിട്ടുള്ളത് സ്നേഹവും പ്രശംസയുമാണെന്നും പോര്, മത്സരം, ചേരിതിരിവ് തുടങ്ങിയവ താനുമായി ബന്ധപ്പെട്ടതല്ലെന്നും ദിവ്യ എസ്. അയ്യർ കുറിച്ചു.
വ്യക്തമായ നിർദേശം ലഭിച്ചതനുസരിച്ചാണ് തങ്ങൾ കൃത്യനിർവഹണം നടത്തിയതെന്നും അടിസ്ഥാനരഹിതമായ പ്രചാരണങ്ങൾ അവസാനിപ്പിക്കണമെന്നും അവർ ആവശ്യപ്പെട്ടു. “വലിയ സത്യങ്ങളും ചെറിയ നുണകളും തമ്മിലാണ് പോര്” എന്ന കവിതാവരിയും കുറിപ്പിൽ അവർ പരാമർശിച്ചു.
ടി.വി. അനുപമയുടെ നേതൃത്വത്തിൽ പ്രഖ്യാപിച്ച നിർമലം പരിപാടിയിൽ തനിക്ക് അർഹമായ പ്രാധാന്യം ലഭിക്കുന്നില്ലെന്ന് ദിവ്യ എസ്. അയ്യർ മന്ത്രിയെ കണ്ട് പരാതി അറിയിച്ചെന്നായിരുന്നു നേരത്തെ പുറത്തുവന്ന റിപ്പോർട്ടുകൾ.
ഇതിന് പിന്നാലെ ഐസി 100 എന്ന പദ്ധതി പ്രഖ്യാപിച്ചതും ചർച്ചകൾക്ക് വഴിവെച്ചു. പ്രിൻസിപ്പൽ ഡയറക്ടറുടെ പ്രാതിനിധ്യക്കുറവ് പരിഹരിക്കാനാണ് പുതിയ പദ്ധതി പ്രഖ്യാപിച്ചതെന്നും ഐസി 100-ൽ വകുപ്പ് സെക്രട്ടറിക്ക് പങ്കില്ലെന്നും ആരോപണങ്ങളുയർന്നിരുന്നു.
എന്നാൽ നിർമലവും ഐസി 100-ഉം വ്യത്യസ്ത പരിപാടികളാണെന്നാണ് തദ്ദേശവകുപ്പിന്റെ വിശദീകരണം.
ഒക്ടോബർ രണ്ടിന് പറവൂരിൽ മുഖ്യമന്ത്രി നിർമലം പരിപാടി ഉദ്ഘാടനം ചെയ്തിരുന്നു.
സർക്കാരിന്റെ 100 ദിന കർമപരിപാടിയുടെ ഭാഗമായുള്ള ജനപങ്കാളിത്ത ശുചിത്വ ക്യാമ്പയിനായാണ് ഇതിനെ അവതരിപ്പിച്ചത്. നിർമലം പുതുയുഗ ശുചിത്വ കേരളം പദ്ധതിയുടെ ഉത്തരവ് പുറപ്പെടുവിച്ചത് തദ്ദേശവകുപ്പ് സെക്രട്ടറി ടി.വി. അനുപമയായിരുന്നു.


