പ്രമാദമായ സൈനുൽ ആബിദ് വധക്കേസിൽ മുഴുവൻ പ്രതികളെയും വെറുതെ വിട്ട് കാസർകോട് അഡീഷണൽ സെഷൻസ് കോടതി.
കേസിൽ വിചാരണ നേരിട്ട 21 പ്രതികളെയാണ് കോടതി വെറുതെ വിട്ടത്. വിധിക്കെതിരെ മേൽക്കോടതിയെ സമീപിക്കുമെന്ന് സൈനുൽ ആബിദിന്റെ കുടുംബം അറിയിച്ചു.
2014 ഡിസംബർ 22നാണ് കാസർകോട് നഗരത്തിലെ എംജി റോഡിലുള്ള ആബിദിന്റെ ഉടമസ്ഥതയിലുള്ള കടയിൽ അതിക്രമിച്ചുകയറിയ സംഘം സൈനുൽ ആബിദിനെ വെട്ടിക്കൊലപ്പെടുത്തിയത്.
കട അടയ്ക്കുന്നതിനായി സാധനങ്ങൾ ക്രമീകരിക്കുന്നതിനിടെ ആയുധങ്ങളുമായി എത്തിയ സംഘം പിതാവ് കെ.എ. മുഹമ്മദ് കുഞ്ഞിയുടെ മുന്നിൽവെച്ചാണ് ആക്രമണം നടത്തിയത്.
ഗുരുതരമായി പരിക്കേറ്റ ആബിദിനെ ഉടൻ കാസർകോട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. പിന്നീട് മംഗളൂരുവിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരണം സംഭവിച്ചത്.
വ്യക്തിവിരോധമാണ് കൊലപാതകത്തിന് പിന്നിലെന്നായിരുന്നു അന്വേഷണസംഘം കുറ്റപത്രത്തിൽ വ്യക്തമാക്കിയിരുന്നത്. കേസിലെ പ്രധാന ദൃക്സാക്ഷിയായിരുന്ന ആബിദിന്റെ പിതാവ് മുഹമ്മദ് കുഞ്ഞി വിചാരണ തുടങ്ങുന്നതിന് മുമ്പ് മരിച്ചു. കർണാടകയിലെ ഹുബ്ബള്ളിക്ക് സമീപമുണ്ടായ വാഹനാപകടത്തിലായിരുന്നു മരണം.
പ്രധാന സാക്ഷിയുടെ അഭാവം കേസിനെ ദുർബലപ്പെടുത്തിയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അതേസമയം, പൊലീസ് അന്വേഷണത്തിൽ വീഴ്ചയുണ്ടായെന്ന ആരോപണവുമായി ആബിദിന്റെ കുടുംബം രംഗത്തെത്തി. കോടതി വിധിക്കെതിരെ മേൽക്കോടതിയെ സമീപിച്ച് നിയമപോരാട്ടം തുടരുമെന്നാണ് കുടുംബത്തിന്റെ നിലപാട്.


