തിരുവനന്തപുരം: തലസ്ഥാന ജില്ലയിൽ ലഹരി മാഫിയയുടെ പ്രവർത്തനം കൂടുതൽ സങ്കീർണ്ണമാകുന്നു. സർക്കാരിന്റെ ‘ഓപ്പറേഷൻ തൂഫാൻ’ ഉൾപ്പെടെയുള്ള കർശന പരിശോധനകൾ നടക്കുമ്പോഴും, ലഹരി കടത്ത് സംഘങ്ങൾ അതിനൂതനമായ ‘ട്രിക്കുകൾ’ പയറ്റി രംഗത്തുണ്ട്.
കുട്ടികളെയും വയോധികരെയും മറയാക്കി ലഹരി കടത്തുന്ന രീതി തലസ്ഥാനത്ത് വ്യാപകമായതായി എക്സൈസ് ഇന്റലിജൻസ് മുന്നറിയിപ്പ് നൽകുന്നു. വാഹന പരിശോധനകളിൽനിന്ന് രക്ഷപ്പെടാൻ കുട്ടികളെ ഒപ്പം കൂട്ടുന്ന രീതി ഫെബ്രുവരിയിൽ വെങ്ങാനൂരിൽ നടന്ന റെയ്ഡോടെയാണ് പുറത്തറിയുന്നത്. 21.5 കിലോ കഞ്ചാവുമായി പിടിയിലായ സംഘത്തിനൊപ്പം മൂന്ന് കുട്ടികൾ ഉണ്ടായിരുന്നു എന്നത് മാഫിയയുടെ ആസൂത്രിതമായ നീക്കത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്.
വിദ്യാർത്ഥികളും ടൂറിസം മേഖലയും ലക്ഷ്യം മലയിൻകീഴ്, വിളപ്പിൽശാല, കഴക്കൂട്ടം തുടങ്ങിയ മേഖലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് ലഹരി വിൽപന നടത്തുന്നതായി പൊലീസിന് രഹസ്യവിവരങ്ങൾ ലഭിച്ചിട്ടുണ്ട്. വിദ്യാർത്ഥികളെ ലഹരിയിലേക്ക് ആകർഷിക്കാൻ സംഘടിതശ്രമങ്ങൾ നടക്കുന്നുണ്ട്. കൂടാതെ, കോവളം, വർക്കല, പൂവാർ തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളിലും എംഡിഎംഎ (MDMA) ഉൾപ്പെടെയുള്ള രാസലഹരികളുടെ വിപണനം വർധിച്ചിട്ടുണ്ട്.
പ്രധാന ഉറവിടം ഒഡീഷ തലസ്ഥാനത്തേക്ക് എത്തുന്ന ലഹരിവസ്തുക്കളുടെ പ്രധാന ഉറവിടം ഒഡീഷയാണെന്ന് എക്സൈസ് വൃത്തങ്ങൾ സ്ഥിരീകരിക്കുന്നു. ഒഡീഷയിലെ കോരാപുട്ട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കണ്ണി വിഴിഞ്ഞം പോലീസിന്റെ പിടിയിലായതോടെ അന്തർസംസ്ഥാന ലഹരിക്കടത്തിന്റെ വ്യാപ്തി വ്യക്തമായിരുന്നു. കഴക്കൂട്ടം റെയിൽവേ സ്റ്റേഷനും അതിഥിത്തൊഴിലാളി ക്യാംപുകളും കേന്ദ്രീകരിച്ച് പരിശോധനകൾ ഊർജിതമാക്കിയിട്ടുണ്ട്.
ലഹരിക്കെതിരായ പോരാട്ടം കേസ് രജിസ്ട്രേഷനിൽ മാത്രം ഒതുങ്ങാതെ, മാഫിയ ശൃംഖലയെ വേരോടെ പിഴുതെറിയുന്ന ദീർഘകാല ഇടപെടലുകൾ വേണമെന്നാണ് പൊതുസമൂഹത്തിന്റെ ആവശ്യം.


