പൊതുജനങ്ങൾ കളഞ്ഞുകിട്ടി പൊലീസ് സ്റ്റേഷനിൽ ഏൽപ്പിച്ച മൊബൈൽ ഫോൺ മോഷ്ടിച്ച് മറ്റൊരാൾക്ക് വിറ്റ സംഭവത്തിൽ ചന്തേര പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർക്കെതിരെ (സി.പി.ഒ) കേസെടുത്തു. ബൈജുവിനെതിരെയാണ് നടപടി.
വഴിയിൽനിന്ന് മൊബൈൽ ഫോൺ ലഭിച്ച അതിഥിത്തൊഴിലാളി അത് ചന്തേര പൊലീസ് സ്റ്റേഷനിൽ ഏൽപ്പിക്കുകയായിരുന്നു. തുടർന്ന് ഫോൺ സംബന്ധിച്ച വിവരങ്ങൾ സ്റ്റേഷനിലെ പാറാവ് ബുക്കിൽ രേഖപ്പെടുത്തി സൂക്ഷിച്ചു. എന്നാൽ ഡ്യൂട്ടിയിലുണ്ടായിരുന്ന സി.പി.ഒ ബൈജു ഫോൺ മോഷ്ടിച്ച് മറ്റൊരാൾക്ക് വിൽക്കുകയായിരുന്നു എന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.
സ്റ്റേഷനിൽനിന്ന് ഫോൺ കാണാതായതിനെ തുടർന്ന് നടത്തിയ സൈബർ പരിശോധനയിലാണ് ഫോൺ വാങ്ങിയയാളെ കണ്ടെത്തിയത്. ഫോൺ ബൈജുവാണ് നൽകിയതെന്ന് ഇയാൾ പൊലീസിന് മൊഴി നൽകി. ഇതിനുപുറമെ, സ്റ്റേഷനിൽനിന്ന് ഫോൺ മോഷ്ടിക്കുന്നതിന്റെ വ്യക്തമായ സിസിടിവി ദൃശ്യങ്ങളും പൊലീസിന് ലഭിച്ചു.
സംഭവത്തിൽ ബൈജുവിനെതിരെ വകുപ്പുതല നടപടികൾ ആരംഭിച്ചിട്ടുണ്ട്. പൊതുജനങ്ങൾ വിശ്വാസത്തോടെ ഏൽപ്പിച്ച വസ്തു സംരക്ഷിക്കേണ്ട ഉദ്യോഗസ്ഥൻ തന്നെ മോഷണം നടത്തിയെന്ന ആരോപണം പൊലീസിനും നാണക്കേടായി.


