തിരുവനന്തപുരം ജില്ലയിലെ കല്ലമ്പലത്ത് ദാരുണമായ സംഭവം. വൃദ്ധദമ്പതികൾ വീടിനുള്ളിൽ തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ കാണപ്പെട്ടു. വടശേരികോണം സ്വദേശികളായ സുകുമാരൻ (92), ഭാര്യ ഓമന (85) എന്നിവരാണ് മരണപ്പെട്ടത്.
ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം പുറത്തറിയുന്നത്. ദമ്പതികൾ താമസിച്ചിരുന്ന വീടിനുള്ളിൽ നിന്ന് പുക ഉയരുന്നത് സമീപവാസികൾ ശ്രദ്ധിക്കുകയായിരുന്നു. ഉടൻ തന്നെ നാട്ടുകാർ കല്ലമ്പലം പോലീസിനെയും ഫയർഫോഴ്‌സിനെയും വിവരമറിയിച്ചു.
നാട്ടുകാരും ഫയർഫോഴ്‌സ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി തീ അണച്ചെങ്കിലും ദമ്പതികളുടെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. സംഭവസ്ഥലത്ത് വെച്ചുതന്നെ ഇരുവരും മരണപ്പെട്ടിരുന്നു. മൃതദേഹങ്ങൾ പൂർണ്ണമായും കത്തിക്കരിഞ്ഞ നിലയിലായിരുന്നു.
പ്രാഥമിക അന്വേഷണത്തിൽ മണ്ണെണ്ണ ദേഹത്തൊഴിച്ച് ഇരുവരും തീകൊളുത്തിയതാണെന്നാണ് പോലീസ് നിഗമനം. സംഭവത്തെത്തുടർന്ന് പോലീസ് ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. ഫോറൻസിക് സംഘവും സ്ഥലത്തെത്തി തെളിവുകൾ ശേഖരിക്കുന്നുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് കല്ലമ്പലം പോലീസ് അറിയിച്ചു. മരണകാരണം സംബന്ധിച്ച് കൂടുതൽ വ്യക്തത വരാൻ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് കൂടി ലഭിക്കണം.
സമീപവാസികളിൽ നിന്നും പോലീസ് വിവരങ്ങൾ ശേഖരിക്കുന്നുണ്ട്. ആത്മഹത്യ ചെയ്യാനുള്ള കാരണം വ്യക്തമല്ല. ദമ്പതികളുടെ മരണവാർത്ത നാടിനെ ഒന്നടങ്കം നടുക്കത്തിലാഴ്ത്തിയിരിക്കുകയാണ്.


