Top News
beer overpricing

ബെവ്കോയിൽ വൻ തട്ടിപ്പ്: ബിയറിന് MRP യേക്കാൾ വില

സർക്കാർ നിയന്ത്രണത്തിലുള്ള ബെവ്കോ ഔട്ട്‌ലെറ്റുകളിൽ ബിയറിന് കുപ്പിയിൽ രേഖപ്പെടുത്തിയിരിക്കുന്ന പരമാവധി വിൽപ്പന വിലയേക്കാൾ കൂടുതൽ തുക ഈടാക്കുന്നതായി ആരോപണം.

മദ്യവില പരിഷ്കരണത്തിന്റെ മറവിൽ ഉപഭോക്താക്കളിൽ നിന്ന് അധിക പണം ഈടാക്കുന്നുവെന്ന പരാതിയാണ് ഉയരുന്നത്.

തിരുവനന്തപുരത്തെ അമ്പലമുക്ക് ബെവ്കോ ഔട്ട്‌ലെറ്റിൽ നിന്ന് ബിയർ വാങ്ങിയ ഉപഭോക്താവിനുണ്ടായ അനുഭവമാണ് ഇപ്പോൾ ചർച്ചയാകുന്നത്.

കഴിഞ്ഞ ദിവസം ഔട്ട്‌ലെറ്റിൽ നിന്ന് ഹൈനിക്കൻ ബിയർ വാങ്ങിയ ഉപഭോക്താവിൽ നിന്ന് 200 രൂപ ഈടാക്കിയെന്നാണ് ആരോപണം.

എന്നാൽ കുപ്പിയിലെ ലേബലിൽ പഴയ ബാച്ചിന്റെ വിവരങ്ങളും പഴയ എം.ആർ.പി.യും രേഖപ്പെടുത്തിയിരുന്നു.

കുപ്പിയിലെ വിലയും ബില്ലിലെ വിലയും തമ്മിലുള്ള വ്യത്യാസമാണ് ക്രമക്കേട് സംബന്ധിച്ച സംശയങ്ങൾക്ക് കാരണമായത്.

സോഫ്റ്റ്‌വെയറിൽ പുതുക്കിയ വില രേഖപ്പെടുത്തിയതിനാൽ പഴയ സ്റ്റോക്കുകൾക്കും ഉയർന്ന വില ഈടാക്കുന്നുവെന്നാണ് ഉയരുന്ന ആക്ഷേപം.

ബാർകോഡ് സ്കാൻ ചെയ്യുമ്പോൾ പുതിയ വില ബില്ലിൽ വരുന്നതായും പരാതിയുണ്ട്. വില സംബന്ധിച്ച് ഉപഭോക്താക്കൾ ചോദ്യം ചെയ്യുമ്പോൾ കമ്പ്യൂട്ടറിൽ കാണിക്കുന്ന തുകയാണ് ഈടാക്കുന്നതെന്ന മറുപടിയാണ് ജീവനക്കാർ നൽകുന്നതെന്നും ആരോപണമുണ്ട്.

ഉൽപ്പന്നത്തിന്റെ പാക്കറ്റിലോ കുപ്പിയിലോ രേഖപ്പെടുത്തിയിരിക്കുന്ന എം.ആർ.പി.യേക്കാൾ കൂടുതൽ തുക ഈടാക്കുന്നത് നിയമപരമായ പ്രശ്നങ്ങൾക്ക് ഇടയാക്കും.

അതിനാൽ കുപ്പിയിലെ വിലയും ബില്ലിലെ തുകയും തമ്മിലുള്ള വ്യത്യാസം ബന്ധപ്പെട്ട അധികൃതർ പരിശോധിക്കേണ്ടതുണ്ട്.

വില പരിഷ്കരണം പ്രാബല്യത്തിൽ വന്ന തീയതി, ബാച്ചിന്റെ വിവരങ്ങൾ, സ്റ്റോക്കിന്റെ വിലനിർണയം എന്നിവ പരിശോധിച്ചാൽ മാത്രമേ നിയമലംഘനം നടന്നിട്ടുണ്ടോയെന്ന് വ്യക്തമാകൂ.

ഈ ക്രമക്കേട് തിരുവനന്തപുരത്തെ ഒരു ഔട്ട്‌ലെറ്റിൽ മാത്രം ഒതുങ്ങുന്നതാണോ എന്നതും വ്യക്തമല്ല.

സംസ്ഥാനത്തുടനീളമുള്ള ബെവ്കോ, കൺസ്യൂമർഫെഡ് ഔട്ട്‌ലെറ്റുകളിലും സമാനമായ രീതിയിൽ പഴയ സ്റ്റോക്കുകൾക്ക് പുതുക്കിയ വില ഈടാക്കുന്നുണ്ടോയെന്ന് പരിശോധിക്കണമെന്ന ആവശ്യം ഉയരുന്നു.

ബിയറുകൾക്കും പ്രീമിയം മദ്യങ്ങൾക്കും വില മാറുമ്പോൾ പഴയ സ്റ്റോക്കുകളുടെ വില എങ്ങനെ കണക്കാക്കുന്നു എന്നതിലും വ്യക്തത വേണം.

സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിൽ തന്നെ ഉപഭോക്താക്കൾക്ക് അധിക തുക നൽകേണ്ടിവരുന്ന സാഹചര്യമുണ്ടെങ്കിൽ അത് ഗൗരവമായി കാണേണ്ട വിഷയമാണ്.

എക്സൈസ് വകുപ്പ് മന്ത്രി ലിജു വിഷയത്തിൽ ഇടപെട്ട് വിശദീകരണം നൽകണമെന്ന വിമർശനവും ഉയരുന്നുണ്ട്.

സോഫ്റ്റ്‌വെയറിലെ പിഴവാണോ, വില പുതുക്കുന്നതിലെ വീഴ്ചയാണോ, അതോ മറ്റേതെങ്കിലും ക്രമക്കേടാണോ എന്നതിൽ ബെവ്കോ മാനേജ്‌മെന്റ് വ്യക്തത വരുത്തണം.

അതേസമയം, തിയേറ്ററുകളിൽ ഭക്ഷണസാധനങ്ങൾക്ക് അമിതവില ഈടാക്കുന്നതിനെതിരെ പ്രതികരിച്ച തിരുവനന്തപുരം മേയർ രാജേഷിന്റെ നിലപാടും ചർച്ചയാകുന്നു.

തിയേറ്ററുകളിലെ അമിതവിലയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ടവർ സർക്കാർ സ്ഥാപനത്തിലെന്ന ആരോപിക്കപ്പെടുന്ന വിലക്ക്രമക്കേടിലും പ്രതികരിക്കണമെന്നാണ് വിമർശകരുടെ ആവശ്യം.

സംഭവത്തിൽ ലീഗൽ മെട്രോളജി വകുപ്പും എക്സൈസ് വിജിലൻസും അടിയന്തരമായി പരിശോധന നടത്തണമെന്നാണ് ഉപഭോക്താക്കൾ ആവശ്യപ്പെടുന്നത്.

അമ്പലമുക്ക് ഔട്ട്‌ലെറ്റിലെ ബില്ലുകളും ബോട്ടിലിലെ എം.ആർ.പി.യും പരിശോധിച്ച് വസ്തുതകൾ പുറത്തുകൊണ്ടുവരണം. സംസ്ഥാനത്തെ മറ്റ് ഔട്ട്‌ലെറ്റുകളിലും പരിശോധന നടത്തണം.

ഉപഭോക്താക്കളിൽ നിന്ന് അധിക തുക ഈടാക്കിയിട്ടുണ്ടെങ്കിൽ അതിന്റെ ഉത്തരവാദിത്തം ആരുടെ മേലാണെന്ന് കണ്ടെത്തുകയും നിയമാനുസൃത നടപടി സ്വീകരിക്കുകയും വേണം. സർക്കാർ സ്ഥാപനമായ ബെവ്കോയിൽ വിലനിർണയത്തിൽ സുതാര്യത ഉറപ്പാക്കേണ്ടത് അനിവാര്യമാണ്..

Leave a Comment

Your email address will not be published. Required fields are marked *