ഡൽഹിയിൽ നടന്ന ബ്രിക്സ് ഉച്ചകോടിക്ക് ശേഷം മടങ്ങിയ അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ വിഡിയോ വൈറലാകുന്നു.
വിമാനത്താവളത്തിൽ വെച്ച് തന്നെ കാറോടിച്ച് എത്തിച്ച ഇന്ത്യൻ ഡ്രൈവർക്ക് അരികിലേക്ക് അദ്ദേഹം തിരികെ നടന്നുചെന്നു. ആദരവോടെ കൈകൊടുത്ത് നന്ദി പറഞ്ഞ ശേഷമാണ് അദ്ദേഹം വിമാനത്തിലേക്ക് മടങ്ങിയത്.
സെപ്റ്റംബർ 12, 13 തീയതികളിലാണ് ഡൽഹി ഭാരത് മണ്ഡപത്തിൽ ഉച്ചകോടി നടന്നത്. പതിനെട്ടാമത് ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാനാണ് അബുദാബി കിരീടാവകാശി ഇന്ത്യയിൽ എത്തിയത്. ഉച്ചകോടിക്കുശേഷം വിമാനത്താവളത്തിൽ എത്തിയ ഷെയ്ഖ് ഖാലിദ് ഔദ്യോഗിക പ്രതിനിധികളോടു യാത്രപറഞ്ഞു. തുടര്‍ന്ന് വിമാനത്തിലേക്കു നീങ്ങാൻ ഒരുങ്ങുകയായിരുന്നു.
എന്നാൽ തന്നെ കാറോടിച്ച് എത്തിച്ച ഡ്രൈവറോടു യാത്ര പറഞ്ഞില്ലെന്ന് അദ്ദേഹം ഓർത്തു. ഉടൻ തന്നെ കാറിന് അരികിലേക്ക് അദ്ദേഹം തിരികെ നടന്നു. ഡ്രൈവർക്കു ഹസ്തദാനം നൽകുകയും കുറച്ചുസമയം സംസാരിക്കുകയും ചെയ്തു. സാധാരണക്കാരനായ ജീവനക്കാരനോട് യുഎഇ ഭരണാധികാരി കാണിച്ച വിനയത്തെ എല്ലാവരും പ്രശംസിക്കുന്നു.
യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനെ പ്രതിനിധീകരിച്ചാണ് കിരീടാവകാശി എത്തിയത്. സന്ദർശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അദ്ദേഹം ഉഭയകക്ഷി ചർച്ചകൾ നടത്തി. ഊർജ വിതരണം, വ്യാപാരം, നിർമിത ബുദ്ധി എന്നീ മേഖലകളിലെ സഹകരണം ചർച്ചയായി.
സാമ്പത്തിക സഹകരണം, വിദ്യാഭ്യാസം, ടൂറിസം എന്നീ വിഷയങ്ങളും ഇരുനേതാക്കളും സംസാരിച്ചു. പശ്ചിമേഷ്യൻ പ്രതിസന്ധിയുടെ പശ്ചാത്തലത്തിലുള്ള പ്രാദേശിക സുരക്ഷയും ചർച്ചകളിൽ ഉൾപ്പെട്ടു. അന്താരാഷ്ട്ര സമുദ്ര മേഖലയിലെ ഇന്ത്യൻ നാവികരുടെ സുരക്ഷിതത്വവും ചർച്ചകളിൽ പ്രധാന വിഷയമായി. ബ്രിക്സ് കൂട്ടായ്മയിലെ യുഎഇയുടെ സജീവ പങ്കാളിത്തവും ഇരുനേതാക്കളും വിലയിരുത്തി.


