Top News
എൽസ 3 കപ്പൽ അപകടം അറബിക്കടൽ കൊച്ചി

എൽസ 3 കപ്പലപകടം: ഒരു വർഷമായിട്ടും പരിസ്ഥിതി പഠനമില്ല; ഹൈക്കോടതിക്ക് അതൃപ്തി

കൊച്ചി: കേരള തീരത്ത് അറബിക്കടലിൽ എം.എസ്.സി. എൽസ 3 കപ്പൽ മുങ്ങി ഒരു വർഷം കഴിഞ്ഞു. എന്നിട്ടും സമഗ്രമായ പരിസ്ഥിതി ആഘാത പഠനം നടത്താത്തതിൽ ഹൈക്കോടതി കടുത്ത വിമർശനം ഉന്നയിച്ചു.

പരിസ്ഥിതി സംരക്ഷണത്തിനായി സ്വതന്ത്രമായ പരിശോധന അടിയന്തരമായി വേണമെന്ന് കോടതി വ്യക്തമാക്കി.

ഈ വിഷയത്തിൽ കേന്ദ്ര പരിസ്ഥിതി-വനം മന്ത്രാലയത്തോട് കോടതി നിലപാട് തേടിയിട്ടുണ്ട്.

മന്ത്രാലയത്തെ കോടതി സ്വമേധയാ കക്ഷിചേർക്കുകയും ചെയ്തു. ജസ്റ്റിസ് വി.രാജാ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഉത്തരവിട്ടത്.

ഏത് ഏജൻസിയാണ് പഠനം നടത്തുകയെന്ന് കേന്ദ്രം വ്യക്തമാക്കണം. പഠനം എങ്ങനെയായിരിക്കുമെന്നും എത്ര സമയത്തിനുള്ളിൽ പൂർത്തിയാക്കുമെന്നും അറിയിക്കാനും കോടതി നിർദേശിച്ചു.

ദുരന്തം ബാധിച്ച മത്സ്യത്തൊഴിലാളികൾക്ക് നഷ്ടപരിഹാരം ആവശ്യപ്പെട്ട് ടി.എൻ. പ്രതാപൻ അടക്കമുള്ളവർ സമർപ്പിച്ച ഹർജികളിലാണ് ഈ ഇടപെടൽ.

കടലിന്റെ അടിത്തട്ടിൽ 1800 ടണ്ണിലധികം രാസവസ്തുക്കൾ: കോസ്റ്റ് ഗാർഡ് റിപ്പോർട്ട്

മുങ്ങിക്കിടക്കുന്ന കപ്പൽ അതീവ അപകടകരമായ സാഹചര്യത്തിലാണ് ഉള്ളത്. കപ്പലിലെ 12 കണ്ടെയ്‌നറുകളിലായി 339.02 മെട്രിക് ടൺ കാൽസ്യം കാർബൈഡ് ഉണ്ട്.

കൂടാതെ 70 കണ്ടെയ്‌നറുകളിലായി 1836.1 മെട്രിക് ടൺ നർഡിൽസും കടലിന്റെ അടിത്തട്ടിലുണ്ട്.

മൺസൂൺ ശക്തമായതോടെ ഇവ കടലിലേക്ക് ഒഴുകുന്നത് വലിയ ഭീഷണിയാണെന്ന് കോസ്റ്റ് ഗാർഡ് റിപ്പോർട്ട് വ്യക്തമാക്കുന്നു.

കപ്പലിൽ നിന്നും ഇന്ധന ചോർച്ച പൂർണ്ണമായും തടഞ്ഞതായി കമ്പനി അവകാശപ്പെടുന്നുണ്ട്. കഴിഞ്ഞ സെപ്റ്റംബറിൽ തന്നെ ഓയിൽ നീക്കിയെന്നാണ് കമ്പനിയുടെ വാദം. എന്നാൽ ഇക്കാര്യത്തിൽ കൃത്യമായ തെളിവ് വേണമെന്ന് കോടതി ആവശ്യപ്പെട്ടു.

സ്വകാര്യ ഏജൻസികളുടെ റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടിയാണ് കപ്പൽ ഭീഷണി ഉയർത്തുന്നില്ലെന്ന് ഉടമകൾ വാദിക്കുന്നത്.

എന്നാൽ ഈ റിപ്പോർട്ടുകൾ പൂർണ്ണമായി വിശ്വസിക്കാൻ കഴിയില്ലെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം അറിയിച്ചു. ഇന്ത്യയുടെ എക്‌സ്‌ക്ലൂസീവ് എക്കണോമിക് സോണിലാണ് നിലവിൽ കപ്പൽ കിടക്കുന്നത്. കടൽയാത്രകൾക്ക് ഇത് വലിയ തടസ്സം സൃഷ്ടിക്കുന്നുണ്ട്.

എൻ.ഐ.ഒ റിപ്പോർട്ട് ജൂലൈയിൽ; ഹർജി വീണ്ടും ജൂൺ 23-ന്

കപ്പലിലുണ്ടായിരുന്ന 643 കണ്ടെയ്‌നറുകളിൽ 72 എണ്ണം മാത്രമാണ് ഇതുവരെ മാറ്റാനായത്. ബാക്കിയുള്ളവ 50 മീറ്റർ ആഴത്തിൽ കടലിന്റെ അടിത്തട്ടിൽ തന്നെയാണ് കിടക്കുന്നത്.

പരിസ്ഥിതി ആഘാതത്തെക്കുറിച്ചുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യാനോഗ്രഫിയുടെ (NIO) റിപ്പോർട്ട് ജൂലൈ 30-നകം ലഭിക്കുമെന്ന് മലിനീകരണ നിയന്ത്രണ ബോർഡ് അറിയിച്ചു.

ഹർജിക്കാർക്കായി അഡ്വ. ഹരീഷ് വാസുദേവൻ കോടതിയിൽ ഹാജരായി. കേസ് ജൂൺ 23-ന് വീണ്ടും പരിഗണിക്കും.

Leave a Comment

Your email address will not be published. Required fields are marked *