പയ്യന്നൂരിലെ സിപിഎം പ്രവർത്തകൻ ധൻരാജിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ നിർണായക നിരീക്ഷണങ്ങളുമായി വിചാരണക്കോടതി.
കേസിലെ ഒന്ന്, രണ്ട്, മൂന്ന് പ്രതികൾ മാത്രമാണ് കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. നാല് മുതൽ 20 വരെയുള്ള പ്രതികളെ സംശയത്തിന്റെ ആനുകൂല്യത്തിൽ വെറുതെ വിട്ടു.
ഒന്നാം പ്രതി ടി.പി. ബിജു, രണ്ടാം പ്രതി വിപിൻ എം, മൂന്നാം പ്രതി വൈശാഖ് എം എന്നിവർക്കെതിരെ മാത്രമാണ് കൊലക്കുറ്റം നിലനിൽക്കുന്നതെന്ന് കോടതി വ്യക്തമാക്കി.
നാല്, അഞ്ച്, ആറ് പ്രതികളെ വെറുതെ വിട്ടത് ഒന്നാം സാക്ഷിയുടെ മൊഴി വിശ്വസനീയമല്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണെന്നും കോടതി ചൂണ്ടിക്കാട്ടി.
മുൻകൂട്ടി ആസൂത്രണം ചെയ്ത രാഷ്ട്രീയ കൊലപാതകമാണെന്നോ കേസിൽ ഗൂഢാലോചന നടന്നെന്നോ തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്നാണ് കോടതിയുടെ പ്രധാന നിരീക്ഷണം.
കൊലപാതകത്തിന്റെ ഉദ്ദേശ്യം സ്ഥാപിക്കുന്നതിലും പ്രോസിക്യൂഷൻ പരാജയപ്പെട്ടെന്ന് കോടതി വിമർശിച്ചു.
രാഷ്ട്രീയ കൊലപാതകമാണെന്ന് സ്ഥാപിക്കാൻ മതിയായ തെളിവുകളില്ലെന്നും കോടതി വ്യക്തമാക്കി. ഒന്നാം സാക്ഷിയുടെ പ്രാഥമിക മൊഴി മാത്രം പരിഗണിച്ചാൽ കുറ്റകൃത്യം തെളിയുന്നില്ല.
സാക്ഷിമൊഴികൾ തമ്മിൽ വൈരുധ്യങ്ങളുണ്ടെന്നും കോടതി നിരീക്ഷിച്ചു.
ഇതോടെ ധൻരാജ് വധക്കേസിൽ 20 പ്രതികളിൽ മൂന്ന് പേർ മാത്രമാണ് കൊലക്കുറ്റത്തിൽ കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയിരിക്കുന്നത്.
ബാക്കിയുള്ള 17 പ്രതികൾക്ക് സംശയത്തിന്റെ ആനുകൂല്യത്തിൽ കുറ്റവിമുക്തി ലഭിച്ചു.


