യുഎഇയിൽ വീണ്ടും വൻ വാഹനാപകടം. റാസൽഖൈമയിലെ അൽ വതൻ റോഡിൽ യാത്രാബസ്സും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 11 പേർ മരിച്ചു.
ചൊവ്വാഴ്ചയാണ് നാടിനെ നടുക്കിയ അപകടം ഉണ്ടായത്. യുഎഇ ആഭ്യന്തര മന്ത്രാലയമാണ് മരണവിവരം ഔദ്യോഗികമായി സ്ഥിരീകരിച്ചത്.
അപകടവിവരം ലഭിച്ച ഉടൻ പ്രത്യേക അടിയന്തര രക്ഷാസംഘങ്ങൾ സ്ഥലത്തെത്തി.
ആംബുലൻസ് വിഭാഗം, സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥർ, മറ്റ് ബന്ധപ്പെട്ട വിഭാഗങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനവും അടിയന്തര വൈദ്യസഹായവും നടത്തി.
അപകടസ്ഥലം സുരക്ഷിതമാക്കുകയും റോഡിലെ ഗതാഗതം നിയന്ത്രിക്കുകയും ചെയ്തു.
അപകടത്തിൽ മരിച്ചവരുടെ പേരുവിവരങ്ങളോ ദേശീയതയോ അധികൃതർ ഇതുവരെ പുറത്തുവിട്ടിട്ടില്ല.
മറ്റ് ആർക്കെങ്കിലും പരുക്കേറ്റിട്ടുണ്ടോ എന്ന കാര്യത്തിലും ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല.
ബസ്സും ട്രക്കും കൂട്ടിയിടിക്കാനുണ്ടായ സാഹചര്യം എന്താണെന്നും അപകടത്തിന്റെ കൃത്യമായ കാരണമെന്താണെന്നും കണ്ടെത്താൻ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അന്വേഷണം പൂർത്തിയായശേഷം കൂടുതൽ വിവരങ്ങൾ പുറത്തുവിടുമെന്ന് യുഎഇ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മരിച്ചവരുടെ കുടുംബാംഗങ്ങളെ മന്ത്രാലയം അനുശോചനം അറിയിച്ചു.
ഈ മാസം യുഎഇയിൽ റിപ്പോർട്ട് ചെയ്യുന്ന മറ്റൊരു വലിയ വാഹനദുരന്തം കൂടിയാണിത്.
നവംബർ 12ന് ഫുജൈറയിലെ ഷെയ്ഖ് ഖലീഫ ബിൻ സായിദ് റോഡിലുണ്ടായ വാഹനാപകടത്തിൽ 14 പേർ മരിക്കുകയും 30 പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു.
ട്രക്ക് നിയന്ത്രണം വിട്ട് മറ്റ് വാഹനങ്ങളിലേക്ക് ഇടിച്ചുകയറിയായിരുന്നു അന്നത്തെ അപകടം.
തുടർച്ചയായുണ്ടാകുന്ന വലിയ വാഹനാപകടങ്ങൾ യുഎഇയിലെ റോഡ് സുരക്ഷയെക്കുറിച്ചുള്ള ആശങ്ക വർധിപ്പിക്കുകയാണ്.
അതേസമയം, റാസൽഖൈമ അപകടത്തെക്കുറിച്ച് സ്ഥിരീകരിക്കാത്ത വിവരങ്ങളും അഭ്യൂഹങ്ങളും പ്രചരിപ്പിക്കരുതെന്നും ഔദ്യോഗിക സ്രോതസ്സുകളിൽനിന്നുള്ള വിവരങ്ങൾ മാത്രം വിശ്വസിക്കണമെന്നും ആഭ്യന്തര മന്ത്രാലയം പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.


