കോൺഗ്രസിനുള്ളിലെ ആഭ്യന്തര പോര് വീണ്ടും വിവാദത്തിലേക്ക്. വടകര എംപി ഷാഫി പറമ്പിലിന് ഗർഭനിരോധന ഉറകൾ പാഴ്സലായി അയച്ച സംഭവമാണ് യൂത്ത് കോൺഗ്രസിനുള്ളിൽ പുതിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുന്നത്.
പരിഹാസക്കുറിപ്പോടെയുള്ള പാഴ്സൽ അയക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ വിവാദം ശക്തമായി.
‘അടൂരിലെ ശിഷ്യന് സംഭവിച്ചത് ആശാന് സംഭവിക്കാതിരിക്കട്ടെ, തീർന്നാൽ പറയാൻ മടിക്കരുത്, ആവശ്യാനുസരണം എത്തിച്ചുനൽകും’ എന്ന പരിഹാസ സന്ദേശത്തോടെയാണ് ഉറകൾ അയച്ചത്.
‘കാസർഗോഡ് യൂത്ത് കോൺഗ്രസ്’ എന്ന പേരിലുള്ള ഫേസ്ബുക്ക് പേജിലാണ് ഇതിന്റെ വീഡിയോ പ്രത്യക്ഷപ്പെട്ടത്.
എന്നാൽ ഈ പേജ് ഔദ്യോഗിക യൂത്ത് കോൺഗ്രസ് പേജല്ലെന്ന് ജില്ലാ നേതൃത്വം വ്യക്തമാക്കി.
കോൺഗ്രസ് എംപിമാരായ ഷാഫി പറമ്പിലും രാജ്മോഹൻ ഉണ്ണിത്താനും തമ്മിലുള്ള പരസ്യമായ വാക്പോരാണ് സംഭവത്തിന്റെ പശ്ചാത്തലം.
ഇരുവരെയും അനുകൂലിച്ചും പ്രതികൂലിച്ചും പ്രവർത്തകർക്കിടയിൽ ദിവസങ്ങളായി തർക്കം തുടരുകയാണ്.
നേരത്തെ രാജ്മോഹൻ ഉണ്ണിത്താന് പാലക്കാട് നിന്ന് നെല്ലിക്ക പാഴ്സലായി അയച്ചതും ഷാഫി പറമ്പിലിനെ അനുകൂലിച്ച് കാഞ്ഞങ്ങാട്, തൃക്കരിപ്പൂർ മേഖലകളിൽ ഫ്ലക്സ് ബോർഡുകൾ ഉയർന്നതും വിവാദമായിരുന്നു.
പെൻഷനേഴ്സ് അസോസിയേഷൻ സമ്മേളനത്തിലും രാജ്മോഹൻ ഉണ്ണിത്താനെതിരെ പരസ്യ പ്രതിഷേധമുണ്ടായി. ഇതിന് പിന്നാലെയാണ് ശനിയാഴ്ച രാവിലെ ഷാഫി പറമ്പിലിനെ ലക്ഷ്യമിട്ടുള്ള പരിഹാസ വീഡിയോ പുറത്തുവന്നത്.
അതേസമയം, വ്യാജ ഫേസ്ബുക്ക് പേജിനെതിരെ യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് കാർത്തിക് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി.
2018 മുതൽ സജീവമായ ഈ പേജിൽ നേരത്തെ ഷാഫി പറമ്പിലിനെ അനുകൂലിച്ചുള്ള പോസ്റ്റുകളും പിന്നീട് രാജ്മോഹൻ ഉണ്ണിത്താനെ പിന്തുണച്ചുള്ള പോസ്റ്റുകളും വന്നിരുന്നതായി പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
സംഭവത്തിന് പിന്നിൽ കോൺഗ്രസിനുള്ളിൽ പ്രവർത്തിക്കുന്നവരാണെന്ന സംശയം ഉയരുന്നുണ്ടെങ്കിലും ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണമില്ല.
നേതാക്കൾ തമ്മിലുള്ള തർക്കം ഇപ്പോൾ പരിഹാസവും വ്യക്തിപരമായ അധിക്ഷേപങ്ങളും നിറഞ്ഞ സമൂഹമാധ്യമ പോരിലേക്ക് നീങ്ങുന്നുവെന്നതാണ് പുതിയ സംഭവത്തോടെ വ്യക്തമാകുന്നത്.


