Top News
10 years later, verdict today

10 വർഷത്തെ കാത്തിരിപ്പിന് ഇന്ന് വിരാമം: ധനരാജ് വധക്കേസിൽ ഇന്ന് വിധി

കണ്ണൂർ പയ്യന്നൂരിലെ സി.പി.എം പ്രവർത്തകൻ സി.വി. ധനരാജ് വധക്കേസിൽ ഇന്ന് കോടതി വിധി പറയും.

കൊലപാതകം നടന്ന് പത്ത് വർഷത്തിന് ശേഷമാണ് കേസിൽ വിധി വരുന്നത്.

തളിപ്പറമ്പ് അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പറയുന്നത്. ആർ.എസ്.എസ് പ്രചാരകനായ അജീഷ് ഉൾപ്പെടെ 20 ആർ.എസ്.എസ് – ബി.ജെ.പി പ്രവർത്തികളാണ് കേസിലെ പ്രതികൾ.

2016 ജൂലൈ 11നായിരുന്നു നാടിനെ നടുക്കിയ കൊലപാതകം നടന്നത്. അന്ന് രാത്രി വീട്ടിലേക്ക് ബൈക്കിൽ പോവുകയായിരുന്ന ധനരാജിനെ ഒരു സംഘം പിന്തുടർന്ന് ആക്രമിക്കുകയായിരുന്നു.

വീടിന് മുന്നിൽ വെച്ച് വെട്ടിയും കുത്തിയും കൊലപ്പെടുത്തി. ധനരാജിന്റെ കുടുംബാംഗങ്ങളുടെ മുന്നിലായിരുന്നു ആക്രമണം.

അന്ന് ധനരാജ് ഡി.വൈ.എഫ്.ഐ നേതാവും സി.പി.എം ബ്രാഞ്ച് സെക്രട്ടറിയുമായിരുന്നു. കൊലപാതകത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നാണ് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയത്.

അജീഷിന്റെ നേതൃത്വത്തിലാണ് കൊലപാതകത്തിന് ഗൂഢാലോചന നടത്തിയതെന്നും മറ്റ് പ്രതികളെ ഒളിവിൽ കഴിയാൻ സഹായിച്ചതും അജീഷാണെന്നും പൊലീസ് കണ്ടെത്തിയിരുന്നു.

സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ അജീഷിനെ മൂന്ന് മാസത്തിന് ശേഷമാണ് അറസ്റ്റ് ചെയ്തത്. ആർ.എസ്.എസ് ആറ്റിങ്ങൽ കാര്യാലയത്തിൽ ഒളിവിൽ കഴിയുന്നതിനിടെയായിരുന്നു അറസ്റ്റ്.

2025 സെപ്റ്റംബർ 22നാണ് കേസിൽ വിചാരണ ആരംഭിച്ചത്. വിചാരണയുടെ ഭാഗമായി മുഴുവൻ പ്രതികളെയും കോടതി ചോദ്യം ചെയ്തു. കൊലപാതകത്തിന് ദൃക്സാക്ഷികളായിരുന്ന ധനരാജിന്റെ അമ്മയുടെയും ഭാര്യയുടെയും മൊഴികളും കോടതിയിൽ രേഖപ്പെടുത്തിയിരുന്നു.

പത്ത് വർഷത്തോളം നീണ്ട നിയമനടപടികൾക്കൊടുവിലാണ് കേസിൽ ഇന്ന് വിധി വരുന്നത്. കേരള രാഷ്ട്രീയത്തിൽ വലിയ ചർച്ചകൾക്ക് വഴിവെച്ച ധനരാജ് വധക്കേസിലെ കോടതി വിധിക്കായി കാത്തിരിക്കുകയാണ് രാഷ്ട്രീയ കേരളം.

Leave a Comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു