ഇന്ത്യയിൽ സമൂഹമാധ്യമങ്ങളിലെ ഉള്ളടക്ക നിയന്ത്രണം റെക്കോർഡ് നിലയിലേക്ക് ഉയരുന്നു.
വെറും ആറുമാസത്തിനിടെ ഫെയ്സ്ബുക്കിലും ഇൻസ്റ്റഗ്രാമിലുമായി 54 ലക്ഷത്തിലധികം പോസ്റ്റുകൾക്കും അക്കൗണ്ടുകൾക്കുമാണ് മെറ്റ നിയന്ത്രണം ഏർപ്പെടുത്തിയത്.
2026 ജനുവരി മുതൽ ജൂൺ വരെയുള്ള കണക്കാണിത്. തൊട്ടുമുൻപുള്ള ആറുമാസത്തിൽ നിയന്ത്രിക്കപ്പെട്ടത് 41,400 ഉള്ളടക്കങ്ങൾ മാത്രമായിരുന്നു.
ഫെയ്സ്ബുക്കിൽ നിയന്ത്രണം നേരിട്ട പോസ്റ്റുകളുടെ എണ്ണം 28 ലക്ഷത്തിലധികമായി.
ഇൻസ്റ്റഗ്രാമിൽ ഇത് 26 ലക്ഷത്തിലധികമാണ്. സർക്കാർ നിർദേശങ്ങൾക്കും കോടതി ഉത്തരവുകൾക്കും പിന്നാലെയാണ് ഇത്രയും വലിയ തോതിൽ നടപടികളുണ്ടായത്.
ഗൂഗിളിന്റെ കാര്യത്തിലും സമാനമായ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ഉള്ളടക്കങ്ങൾ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ഇന്ത്യൻ അധികൃതരിൽനിന്ന് ലഭിച്ച അപേക്ഷകൾ 4,006 ആയി ഉയർന്നു. ഇതിൽ 2,870 അപേക്ഷകളും പൊലീസ് ഏജൻസികളിൽ നിന്നായിരുന്നു.
സെർച്ച്, യൂട്യൂബ് ഉൾപ്പെടെയുള്ള സേവനങ്ങളിൽനിന്ന് 65,091 ഉള്ളടക്കങ്ങൾ നീക്കം ചെയ്യാനാണ് അധികൃതർ ആവശ്യപ്പെട്ടത്.
അപകീർത്തിപ്പെടുത്തൽ, കോടതി ഉത്തരവുകൾ, ദേശീയ സുരക്ഷ തുടങ്ങിയവയാണ് ഉള്ളടക്കങ്ങൾ നീക്കം ചെയ്യാൻ പ്രധാനമായും ചൂണ്ടിക്കാട്ടിയ കാരണങ്ങൾ.
സർക്കാരിനെ വിമർശിക്കുന്ന ഉള്ളടക്കങ്ങൾ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ടുള്ള അപേക്ഷകളിലും വർധനയുണ്ടായി.
അതേസമയം, ആഗോളതലത്തിൽ മെറ്റയുടെ ഉള്ളടക്ക നിയന്ത്രണ നടപടികൾ കുറഞ്ഞപ്പോഴാണ് ഇന്ത്യയിൽ ഇത്ര വലിയ വർധന രേഖപ്പെടുത്തിയിരിക്കുന്നത്. കേന്ദ്രസർക്കാർ ഓൺലൈൻ ഉള്ളടക്ക നിയന്ത്രണങ്ങൾ ശക്തമാക്കുന്നതിനിടെയാണ് പുറത്തുവന്ന ഈ കണക്കുകൾ പുതിയ ചർച്ചകൾക്ക് വഴിയൊരുക്കുന്നത്.


