ബോളിവുഡ് താരം അമിതാഭ് ബച്ചന്റെ മുംബൈയിലെ വസതിക്കും മുംബൈ മേയറുടെ ഓഫീസിനും ബോംബ് ഭീഷണി.
രാവിലെ പത്തരയോടെയാണ് ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യങ്ങൾ ഉൾപ്പെടുത്തിയ ഭീഷണി സന്ദേശം അധികൃതർക്ക് ലഭിച്ചത്.
സന്ദേശം ലഭിച്ചതിനു പിന്നാലെ പൊലീസും ബോംബ് സ്ക്വാഡും സ്ഥലങ്ങളിൽ പരിശോധന നടത്തി. എന്നാൽ സംശയാസ്പദമായ വസ്തുക്കളൊന്നും കണ്ടെത്താനായില്ല.
മുംബൈയിലെ മഹാലക്ഷ്മി റേസ് കോഴ്സിലും വിവിധ മെട്രോ സ്റ്റേഷനുകളിലും ബോംബ് സ്ഫോടനങ്ങൾ നടക്കുമെന്നാണ് ഭീഷണി സന്ദേശത്തിലെ മറ്റൊരു മുന്നറിയിപ്പ്.
2008ലെ മുംബൈ ഭീകരാക്രമണത്തിന് സമാനമായ രീതിയിൽ ഒരുമാസത്തിനുള്ളിൽ നഗരത്തിൽ സ്ഫോടന പരമ്പര നടത്തുമെന്നും സന്ദേശത്തിൽ ഭീഷണിപ്പെടുത്തിയിട്ടുണ്ട്.
കഴിഞ്ഞ ഒരു മാസത്തിനിടെ നാലാം തവണയാണ് അമിതാഭ് ബച്ചന്റെ വസതിക്ക് നേരെ ബോംബ് ഭീഷണി ഉയരുന്നത്. തുടർച്ചയായ ഭീഷണികളുടെ പശ്ചാത്തലത്തിൽ പൊലീസ് പരിശോധനയും സുരക്ഷാ നടപടികളും ശക്തമാക്കിയിട്ടുണ്ട്.
നടത്തിയ പരിശോധനകളിൽ ബോംബുകളോ മറ്റ് സ്ഫോടകവസ്തുക്കളോ കണ്ടെത്താത്തതിനാൽ സന്ദേശം വ്യാജമാണെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ്. ഭീഷണി സന്ദേശത്തിന്റെ ഉറവിടം കണ്ടെത്തുന്നതിനുള്ള നടപടികളും തുടരുകയാണ്.


