സമൂഹമാധ്യമങ്ങളിലൂടെ വ്യാജ സൗന്ദര്യവർധക ഉൽപ്പന്നങ്ങൾ പ്രചരിപ്പിക്കുന്ന ഇൻഫ്ലുവൻസർമാർക്കെതിരെ അന്വേഷണം വേണമെന്ന് ആരോഗ്യ മന്ത്രി കെ. മുരളീധരൻ.
ഇത്തരം ഉൽപ്പന്നങ്ങളുടെ പരസ്യങ്ങളിൽ വിശ്വസിച്ച് പൊതുജനങ്ങൾ അപകടത്തിലാകുന്ന സാഹചര്യം ഗൗരവത്തോടെയാണ് സർക്കാർ കാണുന്നതെന്ന് മന്ത്രി വ്യക്തമാക്കി.
‘ക്രീം വാരി തേച്ചാൽ ഒന്നും സൗന്ദര്യം വരില്ല’ എന്നായിരുന്നു മന്ത്രിയുടെ മുന്നറിയിപ്പ്.
സമൂഹമാധ്യമങ്ങളിൽ കാണുന്ന പരസ്യങ്ങൾ വിശ്വസിച്ച് പരീക്ഷണാടിസ്ഥാനത്തിൽ ഇത്തരം ക്രീമുകൾ ഉപയോഗിക്കരുതെന്നും അദ്ദേഹം നിർദേശിച്ചു.
വ്യാജ ഫേസ് ക്രീമുകളുമായി ബന്ധപ്പെട്ട വിവാദത്തിൽ ആഭ്യന്തരവകുപ്പിനോട് അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്. വ്യാജ ഉൽപ്പന്നങ്ങൾ പ്രചരിപ്പിക്കുന്ന സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരുടെ പങ്കും പരിശോധിക്കണമെന്നാണ് മന്ത്രിയുടെ ആവശ്യം.
ഇതിന്റെ ഭാഗമായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് മന്ത്രി കത്തുനൽകി. ഇൻഫ്ലുവൻസർമാർക്കെതിരെ നടപടി സ്വീകരിക്കാൻ പൊലീസ് മേധാവിക്ക് നിർദേശം നൽകണമെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
ലൈസൻസില്ലാതെ സൗന്ദര്യവർധക ഉൽപ്പന്നങ്ങൾ വിൽക്കുന്നവരും വിപണിയിൽ പ്രവർത്തിക്കുന്നുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
ഇത്തരം സ്ഥാപനങ്ങളെയും ഉൽപ്പന്നങ്ങളുടെ വിതരണ ശൃംഖലയെയും കുറിച്ച് വിശദമായ അന്വേഷണം ആവശ്യമാണ്. നിയമവിരുദ്ധമായി ഉൽപ്പന്നങ്ങൾ വിൽക്കുന്നതിനൊപ്പം അവയ്ക്ക് സമൂഹമാധ്യമങ്ങളിലൂടെ പ്രചാരണം നൽകുന്നവരെയും അന്വേഷണത്തിന്റെ പരിധിയിൽ കൊണ്ടുവരണമെന്നാണ് സർക്കാരിന്റെ ആവശ്യം.
സംഭവത്തിൽ കൂടുതൽ പരിശോധന നടത്താൻ പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. സൗന്ദര്യം വർധിപ്പിക്കുമെന്ന വാഗ്ദാനങ്ങളുമായി എത്തുന്ന ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നതിന് മുമ്പ് അവയുടെ ഗുണനിലവാരവും നിയമപരമായ അംഗീകാരവും ഉറപ്പാക്കേണ്ടതിന്റെ ആവശ്യകതയും ഈ സംഭവം വീണ്ടും ചർച്ചയാക്കുകയാണ്.
സോഷ്യൽ മീഡിയയിലെ പരസ്യങ്ങൾ മാത്രം വിശ്വസിച്ച് സൗന്ദര്യവർധക ഉൽപ്പന്നങ്ങൾ വാങ്ങുന്ന പ്രവണതയ്ക്കെതിരെ ശക്തമായ മുന്നറിയിപ്പാണ് ആരോഗ്യ മന്ത്രി നൽകിയിരിക്കുന്നത്. വ്യാജ ഉൽപ്പന്നങ്ങൾ വിൽക്കുന്നവർക്കൊപ്പം അവ പ്രചരിപ്പിക്കുന്നവർക്കെതിരെയും അന്വേഷണം നീളുമെന്ന സൂചനയാണ് മന്ത്രിയുടെ നടപടിയിലൂടെ പുറത്തുവരുന്നത്.