നെടുമ്പാശേരിയിൽ മൂന്ന് പേരുടെ മരണത്തിനിടയാക്കിയ മിനി കൂപ്പർ അപകടക്കേസിൽ ഒന്നാം പ്രതി സുഹൈൽ സജീവിനെ വീണ്ടും അറസ്റ്റ് ചെയ്ത് എക്സൈസ്.
പ്രായപൂർത്തിയാകുന്നതിന് മുമ്പ് മദ്യപിച്ചെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ അബ്കാരി നിയമപ്രകാരമാണ് നടപടി. എന്നാൽ അറസ്റ്റ് രേഖപ്പെടുത്തിയതിന് പിന്നാലെ സുഹൈലിനെ ജാമ്യത്തിൽ വിട്ടയച്ചു.
അപകടവുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെ സുഹൈൽ മദ്യം കഴിച്ച ബാറിൽ നടത്തിയ പരിശോധനയിൽ ഏകദേശം 4,500 രൂപയുടെ ബിൽ എക്സൈസിന് ലഭിച്ചിരുന്നു.
ബാറിലെ സിസിടിവി ദൃശ്യങ്ങളും അന്വേഷണസംഘം ശേഖരിച്ചിട്ടുണ്ട്. ഈ തെളിവുകളുടെ അടിസ്ഥാനത്തിലാണ് എക്സൈസ് നടപടി ശക്തമാക്കിയത്.
കേസിൽ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ സുഹൈൽ എക്സൈസ് ഓഫീസിൽ ഹാജരായപ്പോഴാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കഴിഞ്ഞ ആഴ്ചയാണ് ഇയാൾ ജാമ്യത്തിൽ പുറത്തിറങ്ങിയത്.
കാക്കനാട്ടെ ബോസ്റ്റൽ സ്കൂളിൽ 36 ദിവസം കഴിഞ്ഞ ശേഷമായിരുന്നു മോചനം. ജാമ്യം ലഭിച്ചിട്ടും കോടതി നിർദേശപ്രകാരം പത്ത് ദിവസം കൂടി അവിടെ തുടരേണ്ടിവന്നിരുന്നു.
കേസിലെ മറ്റ് പ്രതികളായ ജോയൽ എസ്. ആന്റോ, നിനവ്, അമീൻ ഷാ എന്നിവർക്ക് നേരത്തെ ജാമ്യം ലഭിച്ചിരുന്നു.
എന്നാൽ സുഹൈലിന്റെ ജാമ്യാപേക്ഷ മജിസ്ട്രേറ്റ് കോടതിയും ജില്ലാ കോടതിയും തള്ളിയതോടെയാണ് ഹൈക്കോടതിയെ സമീപിച്ചത്.
കഴിഞ്ഞ ഒക്ടോബർ 11ന് പുലർച്ചെയായിരുന്നു നെടുമ്പാശേരി വിമാനത്താവള റോഡിൽ നാടിനെ നടുക്കിയ അപകടം.
സുഹൈൽ ഓടിച്ച മിനി കൂപ്പർ ഇടിച്ച് മൂന്ന് പേർക്കാണ് ജീവൻ നഷ്ടമായത്. മദ്യപിച്ച് വാഹനമോടിച്ചതിനും നരഹത്യയ്ക്കുമാണ് സുഹൈലിനെതിരെ കേസ്.
വാഹനത്തിലുണ്ടായിരുന്ന മറ്റ് മൂന്ന് പേർക്കെതിരെയും പ്രേരണക്കുറ്റം ചുമത്തിയിട്ടുണ്ട്.
അപകടവുമായി ബന്ധപ്പെട്ട കേസിൽ ഈ മാസം അവസാനത്തോടെ കുറ്റപത്രം സമർപ്പിക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.
മൂന്ന് ജീവനുകൾ നഷ്ടമായ സംഭവത്തിൽ നിയമനടപടികൾ കൂടുതൽ നിർണായക ഘട്ടത്തിലേക്ക് കടക്കുമ്പോൾ, എക്സൈസിന്റെ പുതിയ നടപടിയും ശ്രദ്ധേയമാവുകയാണ്.


