Malayalam Latest News - ഇന്നത്തെ മലയാളം വാർത്തകൾ

ആക്രമണത്തിൽ ഷഹബാസിന്റെ തലയോട്ടി തകർന്നതായി പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്

കോഴിക്കോട് താമരശ്ശേരിയിൽ വിദ്യാർത്ഥികൾ തമ്മിലുണ്ടായ സംഘർഷത്തിൽ ഗുരുതരമായി പരുക്കേറ്റ് മരിച്ച മുഹമ്മദ് ഷഹബാസിന്റെ തലയോട്ടി തകർന്നതായി പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. വലതു ചെവിയുടെ മുകളിലായി തലയോട്ടി തകർന്നു. നഞ്ചക് കൊണ്ടുള്ള അടിയിൽ പരുക്കേറ്റതാവാമെന്നാണ് നിഗമനം. കോഴിക്കോട് മെഡിക്കൽ കോളജിൽ പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. അഞ്ച് വിദ്യാർത്ഥികളാണ് ഷഹബാസിന്റെ മരണത്തിൽ കസ്റ്റഡിയിലായിരിക്കുന്നത്. ട്യൂഷൻ സെൻ്ററിൽ പത്താം ക്ലാസുകാരുടെ ഫെയർവെൽ പരിപാടിയുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തിന് കാരണം. തർക്കത്തിന്റെ തുടർച്ചയായിട്ടാണ് വ്യാഴാഴ്ച വിദ്യാർത്ഥികൾ ഏറ്റുമുട്ടിയത്.

മൂന്ന് തവണയാണ് വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം ഉണ്ടായത്. ഇതിൽ ആദ്യത്തെ സ്ഥലത്ത് വെച്ച് നടന്ന സംഘർഷത്തിലാണ് മുഹമ്മദ് ഷഹബാസിന് ക്രൂരമായി മർദ്ദനമേറ്റത്. വട്ടം ചേർന്നായിരുന്നു ഷഹബാസിനെ അവർ കൈവശമുണ്ടായിരുന്ന നഞ്ചക്ക്, ഇടിവള പോലുള്ള ആയുധങ്ങളുപയോഗിച്ച് മർദ്ദിച്ചത്. എളേറ്റിൽ വട്ടോളി എം ജെ ഹയർ സെക്കൻ്ററി സ്കൂളിലെ കുട്ടികളുമാണ് താമരശ്ശേരി ഹയർ സെക്കന്‍ഡറി സ്കൂളിലെ കുട്ടികളുമാണ് പരസ്പരം ഏറ്റുമുട്ടിയത്. അതേസമയം വിദ്യാർത്ഥികൾക്കെതിരെ കൊലക്കുറ്റം ചുമത്തി. ജൂവനിൽ ജെസ്റ്റിസ് ബോർഡിനു മുൻപാകെ ഹാജരാക്കിയ വിദ്യാർത്ഥികളെ വെള്ളിമാട് കുന്നിലെ ഒബ്സർവേഷൻ ഹോമിലേക്ക് മാറ്റി.

Leave A Reply

Your email address will not be published.