നെല്ലിയാമ്പതിയിൽ കാട്ടാനയുടെ ആക്രമണത്തിൽ തോട്ടം തൊഴിലാളിക്ക് പരിക്കേറ്റു. തോട്ടം തൊഴിലാളിയായ പഴനി സ്വാമിക്കാണ് പരിക്കേറ്റത്. ഇദ്ദേഹത്തിന്റെ പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. നെല്ലിയാമ്പതി കാരപ്പാറയിൽ വെച്ചായിരുന്നു കാട്ടാനയുടെ ആക്രമണമുണ്ടായത്. അതേസമയം ആറളം ഫാം പുനരധിവാസ മേഖലയിൽ കാട്ടാനയുടെ ആക്രമണം രൂക്ഷമാണ്. ഫാം 11ആം ബ്ലോക്ക് ഓമനമുക്കിൽ രമേശൻ-ജിഷ ദമ്പതിമാർ താമസിക്കുന്ന വീട്ടിലെ വാട്ടർ ടാങ്കും വീടിന്റെ മുന്നിലെ ഷെഡ്ഡും കാട്ടാന തകർത്തിരുന്നു. വീടിനകത്തുണ്ടായിരുന്ന രമേശനും നിഷയും ആനയെക്കണ്ട് അകത്തേക്ക് ഓടിക്കയറി രക്ഷപ്പെടുകയായിരുന്നു. വൈകിട്ട് ഏഴോടെയായിരുന്നു സംഭവം. നിഷയും ഭർത്താവ് രമേശനും വീടിന്റെ മുൻഭാഗത്ത് ഇരിക്കുന്നതിനിടെ കാട്ടാന എത്തുകയായിരുന്നു.