Top News
Kerala news

തദ്ദേശ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടം നാളെ; ഏഴു ജില്ലകളിൽ പൊതു അവധി

തൃശൂർ മുതൽ കാസർഗോഡ് വരെയുള്ള ജില്ലകളിൽ നാളെയാണ് തദ്ദേശ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടം നടക്കുന്നത്. ഇത് പ്രമാണിച്ചു ഈ ഏഴു ജില്ലകളിലും നാളെ പൊതു അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലാണ് അവധി. സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമുള്‍പ്പെടെയാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

തൃശൂർ മുതൽ കാസർഗോഡ് വരെയുള്ള ജില്ലകളിൽ ഇന്നലെ പരസ്യ പ്രചാരണം അവസാനിച്ചിരുന്നു. ഇന്ന് സ്ഥാനാർത്ഥികൾ വീടുകൾ തോറും കയറിയിറങ്ങിയുള്ള നിശബ്ദ പ്രചാരണം തുടരും. നാളെ രാവിലെ ഏഴ് മണി മുതല്‍ വൈകീട്ട് ആറ് മണി വരെ വോട്ടെടുപ്പ് നടക്കും. വോട്ടെടുപ്പിനോടനുബന്ധിച്ച് കനത്ത സുരക്ഷയാണ് പോളിം​ഗ് ബൂത്തുകളിൽ ഒരുക്കിയിട്ടുള്ളത്.

ഇന്നലെ നടന്ന ആദ്യഘട്ട വോട്ടെടുപ്പിൽ ഭേദപ്പെട്ട പോളിം​ഗാണ് രേഖപ്പെടുത്തിയത്. വോട്ടെടുപ്പ് നടന്ന തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ഏഴ് ജില്ലകളിൽ 70.9 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. അന്തിമ കണക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ ഇന്ന് നൽകും. വോട്ടിംഗ് യന്ത്രത്തിലെ തകരാർ മൂലം നിർത്തിവച്ച ആലപ്പുഴ മണ്ണഞ്ചേരിയിൽ നാളെ റീപോളിംഗ് നടത്തും. ഡിസംബർ പതിമൂന്നിനാണ് വോട്ടെണ്ണൽ.

Leave a Comment

Your email address will not be published. Required fields are marked *