കൊല്‍ക്കത്തയില്‍ നാശം വിതച്ച് കനത്ത മഴ തുടരുന്നു. കൊല്‍ക്കത്ത നഗരത്തില്‍ മിക്കയിടത്തും വെള്ളം കയറി. വൈദ്യുതാഘാതമേറ്റ് ഏഴോളം പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. വെള്ളക്കെട്ട് രൂപപ്പെട്ടതോടെ പലയിടത്തും റോഡുകളില്‍ അപകട സൂചന നല്‍കി.
വിമാനത്താവള റണ്‍വേളയിലും വെള്ളം കയറി. ട്രെയിനുകളും മെട്രോ റെയില്‍വേ സര്‍വീസുകളും നിര്‍ത്തിവെച്ചു. സെപ്റ്റംബര്‍ 26വരെ കൊല്‍ക്കത്തയില്‍ കാലാവസ്ഥ വകുപ്പ് കനത്ത മഴ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വടക്കന്‍ കൊല്‍ക്കത്തയുടെ ചില ഭാഗങ്ങളും വെള്ളത്തിനടിയിലാണ്. സ്‌കൂളുകളും കോളേജുകളും അടച്ചുപൂട്ടല്‍ പ്രഖ്യാപിച്ചു. നിരവധി പരീക്ഷകള്‍ മാറ്റിവെച്ചതായാണ് റിപ്പോര്‍ട്ട്. ബംഗാള്‍ ഉള്‍ക്കടലിന്റെ വടക്കുകിഴക്കന്‍ ഭാഗത്ത് രൂപപ്പെട്ട ന്യൂനമര്‍ദമാണ് കനത്ത മഴയ്ക്ക് കാരണമെന്നാണ് കാലാവസ്ഥ അധികൃതര്‍ വ്യക്തമാക്കുന്നത്.


