Top News
Kerala news

ഇനി തിരഞ്ഞെടുപ്പ് ചൂട്; നാളെ മുതല്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍ക്ക് നാളെ മുതല്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം. രാവിലെ 11 നും വൈകിട്ട് മൂന്നിനും ഇടയിലാണ് പത്രിക സമര്‍പ്പിക്കേണ്ടത്. പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി നവംബര്‍ 21 ആണ്. നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന നവംബര്‍ 22ന് നടക്കും. പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി നവംബര്‍ 24ആണ്.

ഗ്രാമപഞ്ചായത്തിലേക്ക് മത്സരിക്കുന്നവര്‍ 2,000 രൂപയും ബ്ലോക്ക് പഞ്ചായത്തിലും മുനിസിപ്പാലിറ്റിയിലും മത്സരിക്കുന്നവര്‍ 4,000 രൂപയും ജില്ലാ പഞ്ചായത്ത്-കോര്‍പ്പറേഷനുകളില്‍ മത്സരിക്കുന്നവര്‍ 5,000 രൂപയും കെട്ടിവയ്ക്കണം. പട്ടികജാതി/പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് നിശ്ചിത തുകയുടെ പകുതി മതിയാകും.

നോമിനേഷന്‍ നല്‍കുന്ന ദിവസം സ്ഥാനാര്‍ത്ഥിക്ക് 21 വയസ്സ് പൂര്‍ത്തിയായിരിക്കണം. പട്ടികജാതി, പട്ടികവര്‍ഗ്ഗ സംവരണ വാര്‍ഡുകളില്‍ മത്സരിക്കുന്നവര്‍ ബന്ധപ്പെട്ട അധികാരിയില്‍ നിന്നുളള ജാതി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. വരണാധികാരിയുടെയോ കമ്മീഷന്‍ അധികാരപ്പെടുത്തിയ ഓഫീസറുടെയോ മുമ്പാകെ നിശ്ചിത ഫോറമനുസരിച്ച് സത്യപ്രതിജ്ഞയോ ദൃഢപ്രതിജ്ഞയോ നടത്തി ഒപ്പിട്ടുനല്‍കുകയും വേണം.

സ്ഥാനാര്‍ത്ഥിക്കൊപ്പം മൂന്ന് അകമ്പടി വാഹനങ്ങള്‍ മാത്രമേ വരണാധികാരിയുടെ കാര്യാലയത്തിന് 100 മീറ്റര്‍ പരിധിക്കുളളില്‍ അനുവദിക്കൂ. വരണാധികാരിയുടെ മുറിയിലേക്ക് സ്ഥാനാര്‍ത്ഥി ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് മാത്രമാണ് പ്രവേശനാനുമതി. സ്ഥാനാര്‍ത്ഥികളുടെ യോഗ്യതകളും അയോഗ്യതകളും സംബന്ധിച്ച മാര്‍ഗ്ഗരേഖ കമ്മീഷന്‍ പുറപ്പെടുവിച്ചിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *