തദ്ദേശ തെരഞ്ഞെടുപ്പിലെ യുഡിഎഫിൻ്റെ മികച്ച വിജയത്തിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. യുഡിഎഫിൽ വിശ്വാസമർപ്പിച്ചതിന് കേരളത്തിലെ ജനങ്ങൾക്ക് സല്യൂട്ട് എന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ഈ ഫലം യുഡിഎഫിൽ വളർന്നുവരുന്ന ആത്മവിശ്വാസത്തിന്റെ വ്യക്തമായ സൂചനയാണ്. നിയമസഭാ തിരഞ്ഞെടുപ്പ് തൂത്തുവാരും. വിജയം സാധ്യമാക്കിയ നേതാക്കൾക്കും പ്രവർത്തകർക്കും നന്ദിയുണ്ടെന്നും രാഹുൽഗാന്ധി പറഞ്ഞു.
അതേസമയം, തദ്ദേശ തെരഞ്ഞെടുപ്പിൽ വർഗ്ഗീയതയാണ് ഇടത് മുന്നണിയുടെ തോൽവിക്ക് കാരണമായതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പ്രതികരിച്ചു. സർക്കാരിനെ ജനം വെറുക്കുന്നു. ബിജെപിയുടെ അതേ അജണ്ടയാണ് സിപിഎമ്മിനെന്നും സിപിഎം കളിച്ച ഭൂരിപക്ഷ വർഗ്ഗീയ പ്രീണനത്തിന്റെ ഗുണഭോക്താവാണ് ബിജെപിയെന്നും സതീശൻ വിമർശിച്ചു. നിയമസഭ തെരഞ്ഞെടുപ്പിൽ ചർച്ച ചെയ്ത അജണ്ടയാണ് തദ്ദേശ ഫലം. നിയമസഭാ തെരഞ്ഞെടുപ്പിൽ തിളക്കമാർന്ന ജയം ഉണ്ടായില്ലെങ്കിൽ രാഷ്ട്രീയ വനവാസം തന്നെയെന്നും പ്രതിപക്ഷ നേതാവ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഒരു നല്ല വാർത്താസമ്മേളനം നടത്തി രാഷ്ട്രീയം മനസിലാക്കുമെന്നും വാക്ക് വാക്കാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


