ഡിസംബർ 9ആം തീയതി തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്ന ഏഴ് ജില്ലകളിലെ പരസ്യ പ്രചാരണം നാളെ സമാപിക്കും. പ്രചാരണം അവസാന മണിക്കൂറുകളിലേക്ക് കടന്നതോടെ നാടും നഗരവും എല്ലാം തിരഞ്ഞെടുപ്പ് ആവേശത്തിലേക്ക് കടന്ന് കഴിഞ്ഞു. തിരുവനന്തപുരം മുതൽ എറണാകുളം വരെയുളള ജില്ലകളിലാണ് ആദ്യഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്നത്. നാടിന്റെ മുക്കിലും മൂലയിലും തദ്ദേശ തിരഞ്ഞെടുപ്പിന്റെ അലയൊലികൾ എത്തിച്ച 20 ദിവസത്തോളം നീണ്ടുനിന്ന ആവേശം നിറഞ്ഞ പ്രചരണത്തിനാണ് നാളെ വൈകുന്നേരം തിരശീല വീഴുന്നത്. പ്രാദേശിക ഭരണകൂടങ്ങളെ തിരഞ്ഞെടുക്കുന്നതിന് വേണ്ടിയുളള തിരഞ്ഞെടുപ്പായിരുന്നെങ്കിലും പൊതു രാഷ്ട്രീയ വിഷയങ്ങൾക്ക് തന്നെ ആയിരുന്നു പ്രചരണ രംഗത്ത് മേൽക്കൈ. ഈമാസം 11ന് വോട്ടെടുപ്പ് നടക്കുന്ന തൃശൂർ മുതൽ പാലക്കാട് വരെയുളള വടക്കൻ ജില്ലകളിലെ പരസ്യ പ്രചരണം 9ന് സമാപിക്കും.


