Malayalam Latest News - ഇന്നത്തെ മലയാളം വാർത്തകൾ

കോന്നി റീജിയണൽ സഹകരണ ബാങ്കിൽ നിക്ഷേപകൻ ആത്മഹത്യയ്ക്ക് ശ്രമിച്ചു

പത്തനംതിട്ട കോന്നി റീജിയണൽ സഹകരണ ബാങ്കിൽ നിക്ഷേപ തുക തിരികെ ലഭിക്കാത്തതിൽ മനംനൊന്ത് നിക്ഷേപകൻ ആത്മഹത്യയ്ക്ക് ശ്രമിച്ചു. കോന്നി പയ്യനാമണ്ണ്‌ സ്വദേശി ആനന്ദനാണ് (64) മദ്യത്തിൽ അമിതമായി ഗുളികകൾ കലർത്തി കുടിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇയാൾ കോട്ടയം മെഡിക്കൽ കോളജിൽ അത്യാസന്ന നിലയിൽ വെന്റിലേറ്ററിൽ ചികിത്സയിലാണ്. 11 ലക്ഷം രൂപയുടെ നിക്ഷേപമായിരുന്നു ആനന്ദന് ബാങ്കിൽ ഉണ്ടായിരുന്നത്. അതിൽ ആകെ 1 ലക്ഷം രൂപ മാത്രമാണ് തിരികെ ലഭിച്ചിരുന്നത് കുടുംബാംഗങ്ങൾ പറയുന്നു. പണം തരാമെന്ന് പറഞ്ഞ തീയതിയിൽ ബാങ്കിലെത്തിയ ആനന്ദന് നിരാശയോടെ ഇവിടെ നിന്ന് മടങ്ങേണ്ടി വന്നിരുന്നു. ഇതിന്റെ മനോവിഷമത്തിലാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ബാങ്കിൽ നിന്ന് നിരവധിയാളുകൾക്കാണ് ഇത്തരത്തിൽ നിക്ഷേപ തുക തിരികെ ലഭിക്കാനുള്ളത്. ഇതിന്റെ പേരിൽ പലതവണയായി കോന്നി റീജിയണൽ സഹകരണ ബാങ്കിനെതിരെ പ്രക്ഷോഭവുമായി നിക്ഷേപകർ എത്തുകയും ചെയ്തിരുന്നു. പണം തിരിച്ച് നൽകാനുള്ള ശേഷി ബാങ്കിനില്ലെന്നാണ് നിക്ഷേപകരുടെ ആരോപണം.

Leave A Reply

Your email address will not be published.