Malayalam Latest News - ഇന്നത്തെ മലയാളം വാർത്തകൾ

യുപി സ്വദേശിനി ഷഹ്‌സാദി ഖാന്റെ വധശിക്ഷ നടപ്പിലാക്കി യുഎഇ

നാല് മാസം പ്രായമുള്ള കുഞ്ഞ് മരിച്ച കേസില്‍ ഉത്തര്‍പ്രദേശ് സ്വദേശിനി ഷഹ്‌സാദി ഖാന്റെ വധശിക്ഷ നടപ്പിലാക്കി യുഎഇ. ഇത് സംബന്ധിച്ച സ്ഥിരീകരണം ലഭിച്ചതായി വിദേശകാര്യ മന്ത്രാലയം തിങ്കളാഴ്ച ഡല്‍ഹി ഹൈക്കോടതിയെ അറിയിച്ചു. ഫെബ്രുവരി പതിനഞ്ചിനാണ് യുഎഇ നിയമപ്രകാരം വധശിക്ഷ നടപ്പിലാക്കിയത്. ഇത് സംബന്ധിച്ചുള്ള ഔദ്യോഗിക അറിയിപ്പ് യുഎഇയിലെ ഇന്ത്യന്‍ എംബസിക്ക് ലഭിച്ചത് ഫെബ്രുവരി 28നാണെന്നും അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ചേതന്‍ ശര്‍മ കോടതിയെ അറിയിച്ചു. മകളുടെ അവസ്ഥ അറിയാന്‍ ഷഹ്‌സാദിന്റെ പിതാവ് കോടതിയെ സമീപിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് വധശിക്ഷ നടപ്പിലാക്കിയ വിവരം അറിയിച്ചത്. കുഞ്ഞ് മരിച്ചതിനെ തുടര്‍ന്ന് ഇന്ത്യന്‍ ദമ്പതികളായ മാതാപിതാക്കള്‍ നല്‍കിയ കേസിലാണ് വീട്ടുജോലിക്കാരിയായിരുന്ന ഷഹ്‌സാദിക്ക് അബുദാബി കോടതി വധശിക്ഷ വിധിച്ചത്.

ഉത്തര്‍പ്രദേശിലെ ഗൊയ്റ മുഗളി സ്വദേശിനിയായിരുന്നു 33കാരിയായ ഷഹ്സാദി ഖാന്‍. വധശിക്ഷ ഉടന്‍ നടപ്പിലാക്കുമെന്നും ഇത് തന്റെ അവസാന ഫോണ്‍ കോള്‍ ആണെന്നും പറഞ്ഞ് ഷഹ്സാദി വീട്ടിലേയ്ക്ക് വിളിച്ചതോടെയാണ് വിഷയത്തിന്റെ ഗൗരവം പുറംലോകമറിയുന്നത്. തുടർന്ന് കേന്ദ്രസർക്കാർ ഇടപെട്ട് ഷഹ്‌സാദിയുടെ വധശിക്ഷ താത്ക്കാലികമായി നിര്‍ത്തിവെയ്ക്കുകയും ചെയ്തിരുന്നു. എന്നാലിപ്പോൾ വധശിക്ഷ നടപ്പിലാക്കിയെന്ന വാർത്തകളാണ് പുറത്തു വന്നത്.

2021ലായിരുന്നു ഷഹ്സാദി അബുദാബിയില്‍ എത്തിയത്. നാട്ടില്‍ ഉസൈര്‍ എന്നയാളുമായി പരിചയത്തിലായ ഷഹ്‌സാദിയെ അയാള്‍ ബന്ധുക്കള്‍ കൂടിയായ ആഗ്ര സ്വദേശികളായ ഫൈസ്-നസിയ ദമ്പതികള്‍ക്ക് വിൽക്കുകയായിരുന്നു. തങ്ങളുടെ നാല് മാസം പ്രായമുള്ള കുഞ്ഞിനെ നോക്കാനായിരുന്നു ഷഹ്‌സാദിയെ അവര്‍ അബുദാബിയില്‍ എത്തിച്ചത്. എന്നാല്‍ ഒരു ദിവസം കുട്ടി അപ്രതീക്ഷിതമായി മരണപ്പെട്ടു. കുട്ടി മരിക്കാന്‍ കാരണക്കാരി ഷഹ്‌സാദിയാണെന്ന് ചൂണ്ടിക്കാട്ടി ഫൈസും നസിയയും പരാതി നല്‍കുകയും തുടര്‍ന്ന് ഷഹ്‌സാദിയെ പൊലീസ് അറസ്റ്റ് ചെയ്യുകയുമായിരുന്നു.

Leave A Reply

Your email address will not be published.