കൊല്ലം: കൊല്ലം ഓയൂരിൽനിന്ന് ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പ്രതികളെന്ന് സംശയിക്കുന്ന മൂന്നുപേർ കസ്റ്റഡിയിലായെന്ന് വിവരം. തമിഴ്നാട് തെങ്കാശിയിലെ പുളിയറയിൽ നിന്നാണ് പ്രതികളായ ഇവരെ പോലീസ് കസ്റ്റഡിയിലെടുത്തത്. ചാത്തന്നൂർ സ്വദേശികളായ രണ്ടു പുരുഷന്മാരും ഒരു സ്ത്രീയുമാണ് കസ്റ്റഡിയിലായതെന്നാണ് വിവരം. രണ്ടു വാഹനങ്ങളും കസ്റ്റഡിയിലെടുത്തു. കൊല്ലം കമ്മീഷണറുടെ പ്രത്യേക സ്ക്വാഡാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. ഇവരുമായി പോലീസ് സംഘം കൊല്ലത്തേക്ക് പുറപ്പെട്ടു.പിടിയിലായവർ ഒരു കുടുംബത്തിൽ ഉൾപ്പെടുന്നവരാണെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. പിതാവ്, മാതാവ്, മകൻ എന്നിവരാണ് പിടിയിലായതെന്നാണ് വിവരം. ഇവരിൽ ഒരാൾക്ക് തട്ടിക്കൊണ്ടുപോകലിൽ നേരിട്ടു പങ്കുണ്ടെന്നാണ് റിപ്പോർട്ട്. കുട്ടിയുടെ പിതാവുമായി ബന്ധപ്പെട്ട സാമ്പത്തിക തർക്കമാണ് കുറ്റകൃത്യത്തിലേക്ക് നയിച്ചതെന്നും റിപ്പോർട്ടുണ്ട്.
പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിലെ നഴ്സായ കുട്ടിയുടെ പിതാവ് നഴ്സുമാരുടെ സംഘടനയുടെ ജില്ലാ ഭാരവാഹിയായിരുന്നു. ഇദ്ദേഹവുമായി ബന്ധപ്പെട്ട സാമ്പത്തിക തർക്കമാണോ കുറ്റക്യത്യത്തിനു പിന്നിലെന്നു പോലീസ് പരിശോധിച്ചിരുന്നു. കുട്ടിയുടെ പിതാവ് താമസിച്ചിരുന്ന പത്തനംതിട്ടയിലെ ഫ്ലാറ്റിൽ പോലീസ് സംഘം പരിശോധന നടത്തിയിരുന്നു. ഇവിടെനിന്ന് ഇദ്ദേഹം ഉപയോഗിച്ചിരുന്ന ഒരു ഫോൺ കസ്റ്റഡിയിലെടുത്തെന്ന വിവരമുണ്ടായിരുന്നു.