ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയും ഡിഎംകെ നേതാവുമായ എംകെ സ്റ്റാലിൻ്റെ മകൻ ഉദയനിധി സ്റ്റാലിൻ ഉപമുഖ്യമന്ത്രിയാക്കുമെന്ന അഭ്യൂഹങ്ങൾ ശക്തമായി തുടരുന്നതിനിടെ ഡിഎംകെ യുവജന വിഭാഗം സമ്മേളനം ഇന്ന് സേലത്ത്. സമ്മേളനം മുഖ്യമന്ത്രി സ്റ്റാലിൻ ഉദ്ഘാടനം ചെയ്യും. ‘സംസ്ഥാന അവകാശങ്ങൾ വീണ്ടെടുക്കൽ’ എന്നതാണ് യുവജന സമ്മേളനത്തിന്റെ വിഷയം.കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാരിനെ താഴെയിറക്കി സംസ്ഥാനത്തിന്റെ അവകാശങ്ങൾ പുനഃസ്ഥാപിക്കുക എന്നതാണ് ലക്ഷ്യമെന്ന് ഡിഎംകെയുടെ യുവജന വിഭാഗം നേതാവും യുവജനക്ഷേമ – കായിക മന്ത്രിയുമായ ഉദയനിധി സ്റ്റാലിൻ വ്യക്തമാക്കിയിരുന്നു. എന്നാൽ, ഉദയനിധിയെ ഉപമുഖ്യമന്ത്രിയാക്കുമെന്ന അഭ്യൂഹങ്ങൾ ശക്തമാണ്. ഉദയനിധിയെ ഉപമുഖ്യമന്ത്രിയാക്കണമെന്ന പ്രമേയം സമ്മേളനത്തിൽ അവതരിപ്പിക്കുമെന്ന അഭ്യൂഹം ശക്തമാണ്. ഉച്ചയ്ക്ക് ശേഷം പ്രമേയങ്ങൾ പരിഗണിക്കും. വൈകിട്ട് ആറിനുശേഷം സമാപന സമ്മേളനം ആരംഭിക്കും.