കണ്ണൂർ ജില്ലയിൽ സ്ഥിതി ചെയ്യുന്ന മാടായിപ്പാറ, കാലാനുസൃതമായ പരിവർത്തനങ്ങൾക്ക് പേരുകേട്ട 700 ഏക്കറിലായി പരന്നുകിടക്കുന്ന പീഠഭൂമിയാണ്. വേനൽക്കാലത്ത്, ചരിവുകളിൽ സ്വർണ്ണ നിറത്തിലുളള പുല്ല് പുതക്കുന്ന, മഴക്കാലത്ത് പച്ച കോടിയെടുക്കുന്ന, അതേസമയം വസന്തത്തിൽ നീല കാട്ടുപൂക്കളണിയുന്ന അതിമനോഹരിയായ മാടപ്പാറ പ്രക്യതിയുടെ വിസ്മയമായി നിലക്കൊളളുന്നു.പ്രകൃതിസൗന്ദര്യത്തിനപ്പുറം ചരിത്രവും പാരിസ്ഥിതിക പ്രാധാന്യവും നിറഞ്ഞതാണ് മാടായിപ്പാറ. ഒരു കാലത്ത് ഏഴിമല രാജ്യത്തിൻ്റെ ഭരണ കേന്ദ്രമായിരുന്ന ഇവിടെ വല്ലഭ രാജാവ് നിർമ്മിച്ച ഗംഭീരമായ മാടായി കോട്ട, അതിൻ്റെ ചരിത്രപരമായ ഭൂതകാലത്തിൻ്റെ അവശേഷിപ്പായി നിലകൊള്ളുന്നു.ഈ പ്രദേശത്ത് പുരാതന ജൂത വാസത്തെക്കുറിച്ചു സൂചന നൽകുന്ന, വാൽ കണ്ണാടിയുടെ ആകൃതിയിലുള്ള ജൂതക്കുളവും, വാച്ച് ടവറുകളുടെ അവശിഷ്ടങ്ങളും കാണാം. ഈ ചരിത്ര സമ്പന്നത മാടായിപ്പാറയുടെ പ്രകൃതി സൗന്ദര്യത്തിന് ആഴം കൂട്ടുന്നു. തൊട്ടടുത്തായി പുരാതനമായ മാടായികാവ്, വടക്കുന്ന് ക്ഷേത്രം, പന്ത്രണ്ടാം നൂറ്റാണ്ടിൽ മാലിക് ബിൻ ദിനാർ പണികഴിപ്പിച്ച പള്ളിയും ജൂതക്കുളവുമെല്ലാം കാലാകാലങ്ങളായി പകർന്നു വരുന്ന സാംസ്കാരിക വൈവിധ്യങ്ങളെ സൂചിപ്പിക്കുന്നു.നിരവധി പക്ഷികളും ചിത്രശലഭങ്ങളും ഉൾപ്പെടെ വൈവിധ്യമാർന്ന സസ്യജന്തുജാലങ്ങളുള്ള മാടായിപ്പാറയെ പ്രകൃതി സ്‌നേഹികൾ ഒരു പറുദീസയായി കാണുന്നു. പീഠഭൂമിയുടെ പാരിസ്ഥിതിക പ്രാധാന്യത്തേയും സമ്പന്നമായ ജൈവവൈവിധ്യയേയും അടിവരയിടുന്നു.നിങ്ങൾ പ്രകൃതിസ്‌നേഹിയോ ചരിത്രസ്‌നേഹിയോ ആത്മീയ അന്വേഷകനോ ആകട്ടെ, വൈവിധ്യമാർന്ന താൽപ്പര്യങ്ങൾ നിറവേറ്റുന്ന ലക്ഷ്യസ്ഥാനമാണ് മാടായിപ്പാറ. അതിൻ്റെ ഭൂപ്രകൃതി ആകർഷണീയവും അമൂല്യവുമാണ്.