നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എൻഐടി) യിലെ ഹോസ്റ്റൽ കെട്ടിടത്തിൽ നിന്നും ചാടി വിദ്യാർത്ഥി ആത്മഹത്യ ചെയ്തതായി പോലീസ് അറിയിച്ചു. കാമ്പസിനുള്ളിലെ കെട്ടിടത്തിൽ നിന്നാണ് വിദ്യാർത്ഥി ചാടിയത്.മുംബൈ സ്വദേശിയായ യോഗേശ്വർ നാഥ് ആണ് മരിച്ചത്. രാവിലെ ആറരയോടെ ഹോസ്റ്റലിൻ്റെ ഏഴാം നിലയിൽനിന്നും താഴേക്ക് ചാടുകയായിരുന്നു. ഉടൻ തന്നെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൂന്നാം വർഷ മെക്കാനിക്കൽ എൻജിനീയറിങ് വിദ്യാർഥിയാണ് യോഗേശ്വർ നാഥ്. ബിടെക് പരീക്ഷകൾ ഇന്നലെയാണ് അവസാനിച്ചത്.ആത്മഹത്യക്ക് മുൻപ് വീട്ടിലേക്ക് മെസേജ് അയച്ചതായി എൻഐടി അധികൃതർ പറഞ്ഞു. യോഗേശ്വറിൻ്റെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ കുന്നമംഗലം പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
വിശദമായ അന്വേഷണത്തിന് ശേഷം സംഭവത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.