പത്തനംതിട്ട പറക്കോട് പെരുമ്പാമ്പിനെ അശാസ്ത്രീയമായി പിടികൂടി ഉപദ്രവിച്ചതിൽ യുവാവിനെതിരെ കേസെടുത്ത് വനം വകുപ്പ്. മദ്യലഹരിയിൽ പെരുമ്പാമ്പിനെ കഴുത്തിലിട്ട് അഭ്യാസപ്രകടനം നടത്തിയ യുവാവിനെതിരെയാണ് കേസെടുത്തത്. റോഡരികിലെ ഓവുചാലിൽനിന്ന് പിടികൂടിയ പാമ്പുമായി ഒരു മണിക്കൂറോളം അഭ്യാസ പ്രകടനം നടത്തി. തുടർന്ന് നാട്ടുകാർ വനംവകുപ്പിനെ വിവരം അറിയിക്കുകയായയിരുന്നു.വനംവകുപ്പ് എത്തി പെരുമ്പാമ്പിനെയും യുവാവിനെയും കസ്റ്റഡിയിൽ എടുത്തു. ഇന്നലെ വൈകിട്ട് അഞ്ചു മണിയോടെയായിരുന്നു സംഭവം. പെരമ്പാമ്പിനെ വനത്തിൽ തുറന്നുവിട്ടു. യുവാവിനെതിരെ വനം വന്യജീവി വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.പെരുമ്പാമ്പിനെ അശാസ്ത്രീയമായി പിടികൂടി ഉപദ്രവിച്ചു, വീരപരിവേഷം കിട്ടാൻ ജനമധ്യത്തിൽ പ്രദർശിപ്പിച്ചു തുടങ്ങിയ കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും.