
കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് മുതിര്‍ന്ന നേതാവ്
മുല്ലപ്പള്ളി രാമചന്ദ്രന്‍. കാരണമില്ലാതെയാണ് തന്നെ കെപിസിസി അധ്യക്ഷ
സ്ഥാനത്തുനിന്ന് മാറ്റിയതെന്ന് ഉള്‍പ്പെടെയുള്ള വിമര്‍ശനങ്ങളാണ് അദ്ദേഹം
നേതൃത്വത്തിനെതിരെ തുറന്നടിച്ചത്. സമരാഗ്നി യാത്രയിലേക്ക് തന്നെ ക്ഷണിച്ചില്ല.
കെപിസിസി അധ്യക്ഷനും പ്രതിപക്ഷ നേതാവും തന്നോട് മര്യാദ കാണിച്ചില്ല.
കോണ്‍ഗ്രസില്‍ ശുദ്ധീകരണം നടന്ന ശേഷം മാത്രമേ ഇനി കെപിസിസി ഓഫീസില്‍
കയറൂവെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ ട്വന്റിഫോറിനോട് പറഞ്ഞു. ട്വന്റിഫോറിന്റെ
അഭിമുഖ പരിപാടിയായ ആന്‍സര്‍ പ്ലീസിലായിരുന്നു അദ്ദേഹത്തിന്റെ
പ്രതികരണം.കെപിസിസി അധ്യക്ഷ സ്ഥാനത്തുനിന്ന് കാരണമില്ലാതെ തന്നെ
നീക്കിയതിന്റെ നൊമ്പരം ഇപ്പോഴും മനസിലുണ്ടെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.
വ്യക്തമായ കാരണങ്ങളില്ലാതെയായിരുന്നു ആ തീരുമാനം. പാര്‍ട്ടിയെ
സ്‌നേഹിക്കാത്തതുകൊണ്ടാണ് രാജിവയ്ക്കാതിരുന്നത്. പ്രാണനെപ്പോലെയാണ്
പാര്‍ട്ടിയെ സ്‌നേഹിക്കുന്നത്. അതുകൊണ്ടാണ് അവഗണനയും അവഹേളനവും
സഹിച്ചുകൊണ്ട് കോണ്‍ഗ്രസ് പ്രവര്‍ത്തനം നടത്തുന്നതെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍
പറഞ്ഞു.
സമരാഗ്നിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കെപിസിസി നേതാക്കള്‍ക്ക്
സൗമനസ്യം ഉണ്ടാകേണ്ടതായിരുന്നുവെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ കുറ്റപ്പെടുത്തി. ഇത്
ഫോണില്‍ വിളിച്ച് വഴിപാട് പോലെ ക്ഷണിക്കേണ്ട ഒന്നല്ല. ഔപചാരികത
എന്നൊന്നുണ്ട്. പാര്‍ട്ടി മര്യാദ നേതാക്കള്‍ കാണിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.