Malayalam Latest News (ഇന്നത്തെ മലയാളം വാർത്തകൾ )

മരുഭൂമിയിലെ ദുരിത ജീവിതം പേറുന്ന നജീബ്, ആടുജീവിതത്തിന്റെ തീവ്രഭാവങ്ങളുമായി ട്രെയ്‌ലർ

ദുഃഖദുരിതങ്ങൾ പേറി ഒരു മനുഷ്യായുസിന്റെ വിലയേറിയ പല വർഷങ്ങൾ മരുഭൂമിയിൽ ഹോമിക്കപ്പെട്ട നജീബിന്റെ കഥ പറയുന്ന ആടുജീവിതം സിനിമയുടെ ട്രെയ്‌ലർ പുറത്തിറങ്ങി. അതിതീവ്ര രംഗങ്ങൾ കോർത്തിണക്കി നിർമിച്ച ട്രെയ്‌ലർ പുസ്തകത്തിന്റെയും വരാനിരിക്കുന്ന സിനിമയുടെയും ആഴം എത്രത്തോളമെന്ന് രേഖപ്പെടുത്താൻ പ്രേക്ഷകർക്ക് സഹായകമാകും.സംവിധായകൻ ബ്ലെസിയാണ് ബെന്യാമിന്‍റെ ആടുജീവിതം നോവലിനെ സിനിമയാക്കുന്നത്. നജീബാവുന്നതിനായി നടൻ പൃഥ്വിരാജ് നടത്തിയ ശാരീരിക മാറ്റങ്ങൾ സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയമായിരുന്നു. ചിത്രം 2024 മാർച്ച് 28ന് തീയേറ്ററുകളിൽ എത്തും.ഒരു മനുഷ്യനും ദൈവവും മാത്രമുള്ള ഒരു കഥയെ കുറിച്ച് താൻ ചിന്തിച്ചിരുന്നു. അതാണ് ആടുജീവിതത്തിന്റെ ആദ്യ രൂപങ്ങളിൽ ഒന്നെന്നും ബെന്യാമിൻ വെളിപ്പെടുത്തിയിരുന്നു. യഥാർത്ഥ ജീവിതത്തിലെ നജീബിനൊപ്പം ദീർഘനാൾ സഞ്ചരിക്കുകയും സംസാരിക്കുകയും ചെയ്തതിൽ നിന്നാണ് അയാൾ അനുഭിച്ച കാര്യങ്ങൾ താൻ മനസിലാക്കിയതെന്നും ബെന്യാമിൻ പറഞ്ഞു.ഒന്നര വർഷത്തോളമെടുത്താണ് നജീബുമായി സൗഹൃദത്തിൽ ആവുന്നതും അദ്ദേഹത്തിന്റെ കഥ മനസിലാക്കുന്നതും ഈ ജീവിത കഥ അറിഞ്ഞപ്പോളാണ് ഇതാണ് താൻ എഴുതേണ്ട നോവൽ എന്ന് തീരുമാനിച്ചതെന്നും ബെന്യാമിൻ പറഞ്ഞു.2008ൽ പ്രാരംഭ വർക്കുകൾ ആരംഭിച്ച ആടുജീവിതം വർഷങ്ങളുടെ തയ്യാറെടുപ്പുകൾക്കൊടുവിൽ 2018 ലായിരുന്നു ചിത്രീകരണം ആരംഭിച്ചത്. ഏറ്റവുമധികം നാളുകൾ നീണ്ടുപോയ ചിത്രത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞ വർഷം ജൂലൈ 14നാണ് പൂർത്തിയായത്. ജോർദാനിലായിരുന്നു ചിത്രത്തിന്റെ മുഖ്യ പങ്കും ഷൂട്ട് ചെയ്തത്.
പൃഥ്വിരാജിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ സിനിമയാണ് ആടുജീവിതം. ഓസ്‌കർ അവാർഡ് ജേതാക്കളായ എ.ആർ.റഹ്മാൻ സംഗീതവും റസൂൽ പൂക്കുട്ടി ശബ്ദമിശ്രണവും നിർവഹിക്കുന്ന ചിത്രത്തിൽ പൃഥ്വിരാജിന്റെ നായികയായെത്തുന്നത് അമല പോളാണ്.

Leave A Reply

Your email address will not be published.