ആലുവയിൽ അസഫാക്ക് ആലം പീഡിപ്പിച്ച് കൊലപ്പെടുത്തിയ അഞ്ചുവയസ്സുകാരിയുടെ കുടുംബത്തെ കബളിപ്പിച്ച് ഭർത്താവ് പണം തട്ടിയെന്ന പരാതിയിൽ മഹിളാ കോൺഗ്രസ് നേതാവിനു സസ്പൻഷൻ. മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറി ഹസീന മുനീറിനെയാണ് അന്വേഷണ വിധേയമായി സസ്പൻഡ് ചെയ്തത്. എറണാകുളം മഹിളാ കോൺഗ്രസ് ജില്ലാ കമ്മിറ്റിയാണ് തീരുമാനമെടുത്തത്. ഹസീന നൽകിയ മറുപടി തൃപ്തികരമല്ലെന്ന് ജില്ലാ കമ്മിറ്റി വിലയിരുത്തി. ഹസീനയുടെ ഭർത്താവ് മുനീറാണ് പണം തട്ടിയെടുത്തത്.കുടുംബത്തിന് പണം നൽകി ആരോപണവിധേയൻ പരാതി പരിഹരിച്ചിരുന്നു. ബാക്കി നൽകാനുണ്ടായിരുന്ന 50,000 രൂപ കൂടി നൽകിയതോടെ ഇനി പരാതിയില്ലെന്ന് കുടുംബം അറിയിച്ചു. ഒപ്പം നിന്ന മാധ്യമങ്ങൾക്ക് അവർ നന്ദി അറിയിക്കുകയും ചെയ്തു.