വിവേകാനന്ദപ്പാറയിൽ കാവിയുടുത്ത് ധ്യാനനിരതനായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ ദിവസം വൈകിട്ട് ഏഴരയോടെയാണ് ധ്യാനം തുടങ്ങിയത്.സൂര്യാസ്തമയം കണ്ട് ക്ഷേത്ര ദർശനവും കഴിഞ്ഞാണ് അദ്ദേഹം 45 മണിക്കൂർ ധ്യാനം ആരംഭിച്ചത്. ചൂട് വെള്ളം മാത്രമാണ് രാത്രി പ്രധാനമന്ത്രി കുടിച്ചത്.ധ്യാനമണ്ഡപത്തിൽ നിലത്താണ് രാത്രി കഴിച്ചുകൂട്ടിയത്. പ്രത്യേക മുറി ഒരുക്കിയിരുന്നെങ്കിലും ഉപയോഗിച്ചില്ല. പുലർച്ചെ സൂര്യോദയം കണ്ടശേഷം പ്രാർഥനയിലേക്ക് കടന്നു.പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് കനത്ത സുരക്ഷാവലയത്തിലാണ് കന്യാകുമാരി. സന്ദർശകർക്ക് രണ്ട് ദിവസം പ്രവേശനമുണ്ടാകില്ല.ധ്യാനം കഴിഞ്ഞ് ശനിയാഴ്ച്ച ഉച്ചകഴിഞ്ഞ് 3.30ന് അദ്ദേഹം മടങ്ങും. തിരുവനന്തപുരത്ത് നിന്ന് 4.10ന് വ്യോമസേന വിമാനത്തിൽ ഡൽഹിയിലേയ്ക്ക്.തിരുവനന്തപുരം വിമാനത്താവളത്തിൽ കഴിഞ്ഞ ദിവസം ഉച്ചകഴിഞ്ഞ് 4.20ന് എത്തിയ പ്രധാനമന്ത്രി തുടർന്ന് ഹെലികോപ്റ്ററിൽ 4.55ന് കന്യാകുമാരിയിലെ തമിഴ്നാട് സർക്കാർ ഗെസ്റ്റ് ഹൗസിലെ ഹെലിപാഡിൽ ഇറങ്ങി.ഇവിടെ നിന്ന് സമീപത്തുള്ള ഭഗവതി അമ്മൻ ക്ഷേത്രത്തിൽ ദർശനം നടത്തി. പിന്നീട് ബോട്ടിൽ വിവേകാനന്ദപ്പാറയിലെ സ്മാരകത്തിലേക്ക് പോകുകയായിരുന്നു. സ്വാമി വിവേകാനന്ദൻ ധ്യാനിച്ച അതേയിടത്ത് മോദി ധ്യാനം നടത്തും.