അഹമ്മദാബാദ്: ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ലോകകപ്പ് ഫൈനലിൽ ടോസില്‍ ഭാഗ്യം കങ്കാരുപ്പടയ്ക്ക്. ടോസ് നേടി ഓസ്‌ട്രേലിയ ഇന്ത്യയെ ബാറ്റിങ്ങിന് അയച്ചു. ഇന്ത്യ, ഓസീസ് ടീമുകൾ ടീമിൽ മാറ്റം വരുത്തിയിട്ടില്ല. ഇരു ടീമുകളും സെമി കളിച്ച ടീമിനെ തന്നെ നിലനിർത്തി. സെമിയടക്കം പത്തില്‍ പത്ത് വിജയങ്ങളുടെ ആധികാരികതയുമായി ഇന്ത്യ നില്‍ക്കുമ്പോള്‍ തുടക്കത്തില്‍ രണ്ട് മത്സരങ്ങള്‍ തോറ്റ് ആരംഭിക്കേണ്ടി വന്ന ഓസീസ് പടിപടിയായി മികവിലേക്ക് എത്തുകയായിരുന്നു. ഇരു ടീമുകളും നിലവില്‍ മികച്ച ഫോമിലാണ്.ഇന്ത്യ മൂന്നാം കിരീടവും ഓസ്‌ട്രേലിയ ആറാം കിരീടവുമാണ് ലക്ഷ്യമിടുന്നത്. ഇന്ത്യക്കിത് നാലാം ഫൈനലാണ്. ഓസ്‌ട്രേലിയക്ക് എട്ടാമത്തേതും. 1983, 2011 വര്‍ഷങ്ങളിലാണ് ഇന്ത്യയുടെ രണ്ട് കിരീട നേട്ടങ്ങള്‍. 2003ല്‍ ഫൈനല്‍ കളിച്ചെങ്കിലും ഓസീസിനോട് തോറ്റു. ആ കണക്ക് 20 വര്‍ഷങ്ങള്‍ക്കിപ്പുറം തീര്‍ക്കാനുള്ള ഒരുക്കത്തിലാണ് ഇന്ത്യ.