നടൻ സുരാജ് വെഞ്ഞാറമൂടിന് കാരണം ബോധിപ്പിക്കാനുള്ള സമയം നീട്ടി നൽകി മോട്ടോർ വാഹന വകുപ്പ്. മൂന്ന് തവണ കാരണം കാണിക്കൽ നോട്ടീസിന് മറുപടി നൽകാതിരുന്ന സുരാജ് വെഞ്ഞാറമൂടിന് വീണ്ടും സമയം നീട്ടി നൽകിയിരിക്കുകയാണ്. എറണാകുളം ആർ ടി ഓഫീസിൽ നിന്നാണ് സുരാജിന്റെ ഡ്രൈവിംഗ് ലൈസൻസ് സസ്പെൻഡ് ചെയ്യാതിരിക്കാൻ കാരണം ഉണ്ടെങ്കിൽ ബോധിപ്പിക്കാനുള്ള സമയം നീട്ടിനൽകിയത്.
സിനിമാ താരമെന്ന നിലയിലെ തിരക്കുകള്‍ പരിഗണിച്ചാണിത്. അതിനിടെ വാഹനാപകടത്തില്‍ പോലീസിന്റെ എഫ്.ഐ.ആർ. മാത്രം പരിശോധിച്ച് ആരുടെയും ഡ്രൈവിങ് ലൈസൻസ് സസ്പെൻഡ് ചെയ്യരുതെന്ന് ട്രാൻസ്പോർട്ട് കമ്മിഷണറേറ്റ് നിർദേശം പുറപ്പെടുവിച്ചു.എഫ്.ഐ.ആർ. വിശദമായി പരിശോധിക്കുകയും അന്വേഷിക്കുകയും ചെയ്ത ശേഷമേ ഇക്കാര്യത്തില്‍ തീരുമാനമെടുക്കാവൂ എന്നും ആർ.ടി.ഒ., ജോയിന്റ് ആർ.ടി.ഒ. ഓഫീസുകള്‍ക്ക് നിർദേശം ലഭിച്ചു. നടൻ സുരാജ് വെഞ്ഞാറമൂടിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്യുമെന്ന വാർത്ത മാധ്യമങ്ങളില്‍ നിറഞ്ഞതോടെയാണ് പുതിയ നിർദേശമെന്നാണ് സൂചന.ഡ്രൈവിംഗ് ലൈസൻസ് സസ്‌പെൻഡ് ചെയ്യുന്നതിൽ നിന്ന് ഒഴിവാകാൻ കാരണം ആവശ്യപ്പെട്ട് മോട്ടോർ വാഹന വകുപ്പ് മൂന്ന് തവണ സുരാജിന് നോട്ടീസ് അയച്ചെങ്കിലും പ്രതികരിച്ചില്ല. ഇതേത്തുടർന്നാണ് ലൈസൻസ് സസ്‌പെൻഡ് ചെയ്യാൻ കഴിഞ്ഞ ദിവസം വകുപ്പ് തീരുമാനിച്ചത്.