മൂന്നാര്‍: ഇടുക്കി മൂന്നാര്‍ റോഡില്‍ യാത്രക്കാര്‍ക്ക് ഭീഷണിയായി വീണ്ടും പടയപ്പയുടെ സൈ്വര്യവിഹാരം. വാഹനങ്ങള്‍ക്ക് നേരെ പടയപ്പ പാഞ്ഞടുത്തതോടെ യാത്രക്കാര്‍ വാഹനത്തില്‍ നിന്നും ഇറങ്ങിയോടി. ഞായറാഴ്ച വൈകീട്ട് നല്ലതണ്ണി കല്ലാറിലെ മാലിന്യ പ്ലാന്റിന് സമീപത്ത് വെച്ചായിരുന്നു കാട്ടാന വാഹനങ്ങള്‍ക്ക് നേരെ പാഞ്ഞടുത്തത്. കോന്നിയില്‍ നിന്നെത്തിയ വൈദികനും മറ്റ് നാല് യുവാക്കളും സഞ്ചരിച്ച വാഹനത്തിന് നേരെയാണ് പടയപ്പ പാഞ്ഞടുത്തത്.രണ്ട് വാഹനങ്ങളിലായി കല്ലാറില്‍ നിന്നും മൂന്നാറിലേക്ക് വരുന്നതിനിടയിലാണ് സംഘം പടയപ്പയുടെ മുന്‍പില്‍ പെട്ടത്. ഒച്ച വെച്ച് ഓടിക്കാന്‍ ശ്രമിച്ചെങ്കിലും പടയപ്പ വാഹനങ്ങള്‍ക്ക് നേരെ പാഞ്ഞടുത്തു. ഇതോടെ വാഹനങ്ങള്‍ റോഡിലിട്ട് ഇവര്‍ പടയപ്പയെ തടയാന്‍ ശ്രമിക്കുകയായിരുന്നു.ആനയെ മടക്കി അയയ്ക്കാനായി യുവാക്കള്‍ ബഹളം വെച്ചതോടെ ആന പ്രകോപിതനായി ചിന്നം വിളിച്ചു കൊണ്ട് ഇവര്‍ക്ക് നേരെപാഞ്ഞടുക്കുകയായിരുന്നു. ആന പോയ ശേഷം വൈദികനും യുവാക്കളും മടങ്ങിയെത്തി യാത്ര തുടര്‍ന്നു. അതേസമയം വാഹനങ്ങളുടെ ഇടയിലൂടെ പടയപ്പ കടന്നു പോയതിനെ തുടര്‍ന്ന് രണ്ട് വാഹനങ്ങള്‍ക്കും കേടുപാടുകള്‍ ഉണ്ടായിട്ടുണ്ട്. മൂന്നാര്‍ ഇടുക്കി റോഡിലെ സ്ഥിരം സാന്നിധ്യമായ പടയപ്പ കഴിഞ്ഞ കുറച്ച് നാളുകളായി വലിയ ഭീഷണിയാണ് സൃഷ്ടിക്കുന്നത്.അക്രമസ്വഭാവം കാണിക്കുന്ന പടയപ്പ കാരണം ഇതുവഴിയുള്ള യാത്രക്കാരും പ്രദേശവാസികളും ആശങ്കയിലാണ് കഴിയുന്നത്. മാര്‍ച്ചില്‍ വിനോദസഞ്ചാരികളുടെ കാര്‍ തകര്‍ത്ത പടയപ്പയെ ആര്‍ആര്‍ടി സംഘം കാട് കയറ്റിയിരുന്നു. എന്നാല്‍ പിന്നീട് തിരികെയെത്തി. ആദ്യകാലത്ത് പൊതുവെ ശാന്തശീലനായിരുന്നു പടയപ്പ. പ്രദേശവാസികള്‍ക്കും പടയപ്പയെ ഇഷ്ടമായിരുന്നു. എന്നാല്‍ മദപ്പാടിന് ശേഷം ആന അക്രമകാരിയായി.