Malayalam Latest News (ഇന്നത്തെ മലയാളം വാർത്തകൾ )

എറണാകുളത്ത് മഞ്ഞപ്പിത്തം പടർന്ന് പിടിക്കുന്നു; വേങ്ങൂരിന് പിന്നാലെ കളമശ്ശേരിയിലും രോഗബാധ സ്ഥിരീകരിച്ചു

കൊച്ചി: എറണാകുളം ജില്ലയുടെ പലഭാഗങ്ങളിലും മഞ്ഞപ്പിത്തം പടർന്ന് പിടിക്കുന്നു. കഴിഞ്ഞ ദിവസങ്ങളിൽ രോഗം സ്ഥിരീകരിച്ച വേങ്ങൂരിന് പിന്നാലെ കളമശ്ശേരിയിലും മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു. നോർത്ത് കളമശ്ശേരിയിൽ രണ്ടാഴ്ചക്കുള്ളിൽ 28 പേർക്കാണ് രോഗബാധ ഉണ്ടായത്.ജില്ലയിലെ വേങ്ങൂർ പഞ്ചായത്തിൽ മഞ്ഞപ്പിത്തം പടരുന്നതിന്റെ പശ്ചാത്തലത്തിൽ ജില്ലാ കളക്ടർ മജിസ്റ്റീരിയൽ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. മൂവാറ്റുപുഴ ആർ ഡി ഒ ഷൈജു പി ജേക്കബിനാണ് അന്വേഷണ ചുമതല നൽകിയിരിക്കുന്നത്. രണ്ടാഴ്‌ചയ്ക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണം.കഴിഞ്ഞ ഏപ്രിൽ 17നാണ് വേങ്ങൂർ പഞ്ചായത്തിൽ ഹെപ്പറ്റൈറ്റിസ് എ വൈറസ് മൂലമുള്ള മഞ്ഞപ്പിത്തം ആദ്യമായി റിപ്പോർട്ട് ചെയ്തത്. പിന്നീടിത് പടരുകയായിരുന്നു. ജില്ലയിൽ നിലവിൽ ഹെപ്പറ്റൈറ്റിസ് എ ബാധിച്ച് രണ്ടുപേരാണ് മരിച്ചത്. 40ലേറെ പേ‌ർക്ക് രോഗബാധയേൽക്കുകയും ചെയ്തു. വേങ്ങൂരിലെ 15 വാർഡുകളിൽ നിലവിൽ രോഗബാധയുണ്ട്.മരണകാരണം, ഹെപ്പറ്റൈറ്റിസ് എ പടരാനുള്ള കാരണങ്ങൾ, അധികാരികളിൽ വീഴ്‌ച സംഭവിച്ചോ, ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള മുൻകരുതലുകൾ എന്നിവയാണ് അന്വേഷിക്കാൻ ഉത്തരവിട്ടിരിക്കുന്നത്. ഈ മാസം ഒൻപതിന് ജില്ലാ കളക്ടർ ഉമേഷ് എൻ എസ് കെ വേങ്ങൂർ പഞ്ചായത്ത് സന്ദർശിച്ചിരുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് മജിസ്റ്റീരിയൽ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്.
ജില്ലയിൽ മഞ്ഞപ്പിത്തഭീതി നിലനിൽക്കുന്ന പശ്ചാത്തലത്തിൽ വെള്ളത്തിന്റെയും ഐസിന്റെയും സാംപിളുകൾ ഭക്ഷ്യസുരക്ഷാ വകുപ്പ് കഴിഞ്ഞദിവസം ശേഖരിച്ചിരുന്നു. ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ നിന്നുള്ള കുടിവെള്ളം, ഐസ്, വഴിയോരക്കടകളിൽ ഉപയോഗിക്കുന്ന വെള്ളം എന്നിവയുടെ സാംപിളുകളാണ് ശേഖരിച്ചത്. ഫലം വന്നുകഴിഞ്ഞാൽ ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് ഭക്ഷ്യസുരക്ഷാവകുപ്പ് അധികൃതർ അറിയിച്ചിട്ടുണ്ട്. വിവിധ സ്ഥാപനങ്ങളിൽനിന്ന് പിഴ ഈടാക്കുകയും വൃത്തിഹീനമായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ അടക്കമുള്ളവയ്ക്ക് അപാകതകൾ പരിഹരിക്കാനുള്ള നോട്ടീസും നൽകിയിട്ടുണ്ട്.

Leave A Reply

Your email address will not be published.