ആടുജീവിതം ചിത്രം പുറത്തിറങ്ങുന്നതിന്റെ ആഹ്ലാദത്തിനിടെ അപ്രതീക്ഷിത വിയോഗത്തിലാണ് യാഥാർത്ഥ നായകൻ നജീബ്. ബെന്യാമിന്റെ ആടുജീവിതം നോവലിനും പിന്നീട് സിനിമയ്ക്കും കാരണമായ ജീവിതത്തിനുടമയായ നജീബിന്റെ കൊച്ചുമകൾ സഫ മറിയം (ഒന്നര വയസ്) അന്തരിച്ചു. ആടുജീവിതം സിനിമയാക്കുന്നതുമായി ബന്ധപ്പെട്ട് നജീബ് നിരവധി അനുമോദനങ്ങളും ആദരങ്ങളുമൊക്കെ ഏറ്റുവാങ്ങിക്കൊണ്ടിരുന്ന സമയത്താണ് ഈ ദുരന്തം സംഭവിക്കുന്നത്. ആറാട്ടുപുഴ പത്തിശേരിയിൽ തറയിൽവീട്ടിൽ സഫീറിന്റെയും (മസ്‌ക്കറ്റിലെ വാദി കബീറിലെ നെസ്റ്റോ ഹൈപ്പര്‍ മാര്‍ക്കറ്റ് ജീവനക്കാരൻ) മുബീനയുടെയും ഏകമകളാണ് സഫ മറിയം.ഏറെ നാളായി അസുഖത്തെത്തുടർന്ന് ചികത്സയിലായിരുന്നു കൊച്ചു സഫ. ശനിയാഴ്ച വണ്ടാനം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. അതിനു ശേഷമായിരുന്നു മരണം. വിദേശത്തുള്ള സഫീര്‍ ഞായറാഴ്ച പുലര്‍ച്ചെ നാട്ടിലെത്തും. തുടർന്ന് സംസ്കാരം ആറാട്ടുപുഴ പടിഞ്ഞാറേ ജുമാ മസ്ജിദ് കബര്‍സ്ഥാനില്‍. മരണത്തിൽ എഴുത്തുകാരൻ ബെന്യാമിൻ ഫെയ്‌സ്‌ബുക്ക് കുറിപ്പിലൂടെ അനുശോചിച്ചു. ബെന്യാമിൻ സമൂഹമാധ്യമത്തിൽ പങ്കുവെച്ച വിവരവും കുഞ്ഞിന്റെ ചിത്രവും എല്ലാവരെയും സങ്കടത്തിലാക്കി.